ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ സ്വഭാവം തെരുവുകളിൽ നിന്ന് ഡിജിറ്റൽ ലോകത്തേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് എൻ.സി.ആർ.ബി (NCRB) റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പരമ്പരാഗത കുറ്റകൃത്യങ്ങളിൽ കുറവുണ്ടാകുമ്പോഴും അടിയന്തര ശ്രദ്ധ അർഹിക്കുന്ന തരത്തിൽ സൈബർ കുറ്റകൃത്യങ്ങൾ രാജ്യത്ത് പെരുകുകയാണ്. ചരിത്രത്തിൽ ആദ്യമായി 2024-ൽ രാജ്യത്തെ സൈബർ കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു (1,01,928 കേസുകൾ). മുൻവർഷത്തെ അപേക്ഷിച്ച് 17.9 ശതമാനത്തിന്റെ വർദ്ധനവാണ് ഇതിലുണ്ടായത്.
കേരളത്തിലും കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൈബർ കേസുകളിൽ വൻ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്; 2026-ന്റെ ആദ്യ പകുതിയിൽ തന്നെ ആയിരത്തിലധികം ഔദ്യോഗിക കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും ദേശീയതലത്തിൽ പ്രതിദിനം നാലായിരത്തിലധികം പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിൽ ലഭിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ കുറ്റകൃത്യങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ഈ വേഗതയ്ക്ക് അനുസരിച്ച് നമ്മുടെ നിയമ സംവിധാനങ്ങളും അന്വേഷണ രീതികളും പുനഃസംഘടിപ്പിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
പരമ്പരാഗത പോലീസ് സംവിധാനം ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ അതിർത്തിയെ കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങൾ തടയാനാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ സൈബർ തട്ടിപ്പുകാർ പലപ്പോഴും മറ്റ് സംസ്ഥാനങ്ങളിലോ വിദേശ രാജ്യങ്ങളിലോ ഇരുന്ന് പ്രവർത്തിക്കുന്നതിനാൽ അതിർത്തികൾ കടന്നുള്ള ഇത്തരം കുറ്റകൃത്യങ്ങൾ തെളിയിക്കുക പോലീസിന് വലിയ വെല്ലുവിളിയാണ്. രജിസ്റ്റർ ചെയ്ത സൈബർ കേസുകളിൽ ഭൂരിഭാഗവും (ഏകദേശം 72.6%) സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളാണ്. സാമ്പത്തിക തട്ടിപ്പുകൾക്ക് പുറമെ, ഓൺലൈൻ വഴിയുള്ള ലൈംഗിക ചൂഷണം, ഭീഷണിപ്പെടുത്തി പണം തട്ടൽ, സൈബർ സ്റ്റാക്കിങ് എന്നിവയാണ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സി.ബി.ഐ, പോലീസ്, ഇ.ഡി, കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് നടിച്ച് വീഡിയോ കോളിലൂടെ ഭയപ്പെടുത്തി പണം തട്ടുന്ന 'ഡിജിറ്റൽ അറസ്റ്റ്' രീതികളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള വോയ്സ് ക്ലോണിങ്, ഡീപ്പ് ഫേക്ക് തട്ടിപ്പുകളും, വ്യാജ ട്രേഡിങ് ആപ്പുകളും, യൂട്യൂബ് ലൈക്ക് അസൈൻമെന്റുകൾ വഴിയുള്ള വ്യാജ തൊഴിൽ വാഗ്ദാനങ്ങളും ഇന്ന് സർവ്വസാധാരണമായി മാറിയിരിക്കുന്നു.
ഈ സാഹചര്യത്തിൽ മികച്ച അന്വേഷണ മികവും വേഗത്തിലുള്ള നീതിപൂർവ്വമായ വിചാരണയും ശക്തമായ സൈബർ പോലീസിങും ഉറപ്പാക്കേണ്ടതുണ്ട്. നിലവിൽ കോടതികളിൽ വിചാരണ പൂർത്തിയാകാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ നിരക്ക് 29.2 ശതമാനത്തിൽ നിന്ന് 31.2 ശതമാനമായി വർദ്ധിച്ചത് ആശങ്കാജനകമാണ്. പരമ്പരാഗത തെളിവെടുപ്പ് രീതികളിൽ നിന്ന് മാറി ഡിജിറ്റൽ ഫോറൻസിക്, എ.ഐ തട്ടിപ്പുകൾ കണ്ടുപിടിക്കാനുള്ള സാങ്കേതിക വിദ്യകൾ എന്നിവ പോലീസിന് അത്യന്താപേക്ഷിതമായിരിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഏജൻസികളുടെ സഹകരണവും ഇതിന് അത്യാവശ്യമാണ്. പുതിയ ഭാരതീയ ന്യായ സംഹിത (BNS) അനുസരിച്ച് വഞ്ചന, ആൾമാറാട്ടം, ജാമ്യമില്ലാ വകുപ്പുകൾ എന്നിവ ചുമത്തി സൈബർ കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചു വരുന്നു. കൂടാതെ, വീടുകളിലിരുന്ന് തന്നെ പരാതി നൽകാൻ നാഷണൽ സൈബർ ക്രൈം പോർട്ടൽ (cybercrime.gov.in) സഹായിക്കുന്നുണ്ട്. കേരളത്തിൽ എല്ലാ ജില്ലകളിലും പ്രത്യേക സൈബർ ഫസ്റ്റ് റസ്പോൺസ് ടീമുകളും സൈബർ പോലീസ് സ്റ്റേഷനുകളും സങ്കീർണ്ണമായ ഡിജിറ്റൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ സജ്ജമാണ്.
നിയമപരമായ പരിരക്ഷകളും സംവിധാനങ്ങളും ശക്തിപ്പെടുമ്പോഴും പൊതുജനങ്ങളുടെ ഡിജിറ്റൽ സാക്ഷരതയും ജാഗ്രതയുമാണ് തട്ടിപ്പുകളെ പ്രാരംഭ ഘട്ടത്തിൽ തന്നെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ ആയുധം. ലൈംഗിക അതിക്രമങ്ങൾക്കും സൈബർ സ്റ്റാക്കിങിനും ഇരയാകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ പോലീസിനും കോടതിക്കും നിയമപരമായ ബാധ്യതയുണ്ട്. അനുമതിയില്ലാത്ത സ്വകാര്യ ദൃശ്യങ്ങളോ അപകീർത്തികരമായ ഉള്ളടക്കങ്ങളോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചാൽ ഐ.ടി നിയമപ്രകാരം (IT Rules) 24 മുതൽ 36 മണിക്കൂറിനുള്ളിൽ അവ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ബാധ്യസ്ഥരാണ്. വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉടൻ നിർജ്ജീവമാക്കാനും തുക വീണ്ടെടുക്കാനും പോലീസിന് അധികാരമുണ്ട്. ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം (DPDP Act) വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തടയുന്നു.
പൊതുജനങ്ങൾ സ്വന്തം നിലയിൽ ചില മുൻകരുതലുകൾ എടുക്കുന്നത് അപകടങ്ങൾ ഒഴിവാക്കും. ബാങ്ക് ഉദ്യോഗസ്ഥരോ പോലീസോ ആവശ്യപ്പെട്ടാലും പാസ്വേഡ്, OTP, UPI PIN, എടിഎം പിൻ എന്നിവ ആരോടും വെളിപ്പെടുത്തരുത്. പണം സ്വീകരിക്കാൻ UPI PIN അടിക്കേണ്ടതില്ലെന്ന പ്രാഥമിക തത്വം ഓർക്കുക.
സൗജന്യ പബ്ലിക് വൈഫൈ ഉപയോഗിച്ച് ബാങ്കിങ് ഇടപാടുകൾ നടത്താതിരിക്കാനും, പ്ലേ സ്റ്റോർ/ആപ്പ് സ്റ്റോർ എന്നിവയ്ക്ക് പുറത്തുനിന്നുള്ള ആപ്പുകളോ സംശയകരമായ APK ഫയലുകളോ ഇൻസ്റ്റാൾ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. ശക്തമായ പാസ്വേഡുകൾക്കൊപ്പം ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) ഉപയോഗിക്കുന്നത് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കും.
അപരിചിത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും, ബന്ധുക്കൾ അപകടത്തിലാണെന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങളോ കോളുകളോ വന്നാൽ പണം അയക്കുന്നതിന് മുൻപ് അവരുടെ യഥാർത്ഥ നമ്പറിലേക്ക് വിളിച്ച് ഉറപ്പുവരുത്താനും മറക്കരുത്. 'ഡിജിറ്റൽ അറസ്റ്റ്' പോലുള്ള ഭീഷണികൾ നേരിട്ടാൽ നിയമപരമായി അങ്ങനെ ഒന്നില്ലെന്ന് മനസ്സിലാക്കി ഉടൻ പ്രാദേശിക പോലീസിനെ അറിയിക്കുക. സാമ്പത്തിക തട്ടിപ്പ് നടന്ന് ആദ്യ മണിക്കൂറുകളിൽ (Golden Hour) തന്നെ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പരാതിപ്പെട്ടാൽ തട്ടിയെടുത്ത പണം ബാങ്ക് അക്കൗണ്ടുകളിൽ തന്നെ തടഞ്ഞുവെക്കാൻ സാധിക്കും. ജാഗ്രതയും ശക്തമായ നിയമസംവിധാനങ്ങളും കൈകോർക്കുമ്പോൾ മാത്രമേ സുരക്ഷിതമായ ഒരു ഡിജിറ്റൽ സമൂഹം കെട്ടിപ്പടുക്കാൻ സാധിക്കൂ.