അറിവുകൾ വൻതോതിൽ ഡിജിറ്റൈസേഷൻ ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. കടലാസുകളിലും പുസ്തകങ്ങളിലും രേഖകളിലും സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ഡിജിറ്റൈസേഷൻ ചെയ്ത് ഡിജിറ്റൽ രൂപത്തിലേക്ക് മാറുമ്പോൾ, ഗവേഷകർക്ക് അത് വലിയ സാധ്യതകളാണ് തുറന്നു നൽകുന്നത്. അത്തരത്തിൽ ഇന്ന് ഗവേഷണ മേഖല വികസിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. പുസ്തകങ്ങൾ തേടി കാതങ്ങൾ താണ്ടുന്നതിനു പകരം എവിടെയിരുന്നും ഗവേഷകർക്ക് തങ്ങളുടെ പഠനങ്ങളിൽ മുഴുകാനുകള്ള അവസരമാണ് ഇത് പ്രധാനം ചെയ്യുന്നത്. പക്ഷേ, ഈ നിർമിത ബുദ്ധിക്കാലത്ത് അറിവു നിയന്ത്രണം എന്നത് ഒരു വിഭാഗം ആളുകളിൽ മാത്രം ചുരുങ്ങിപ്പോകുന്നു എന്ന ആശങ്കയും ക്രമേണ വർധിച്ചു വരികയാണ്. അതെങ്ങനെ ശരിയാകും? ഏറ്റവും വലിയ സമത്വവാദി എന്ന അർത്ഥത്തിൽ പലരും വീക്ഷിച്ചിരുന്ന ഒന്നല്ലേ ഡിജിറ്റൽ ലോകം. അറിവുകൾക്ക് അതിപ്രസരം സംഭവിക്കുകയും സ്മാർട്ട്ഫോൺ ഉപഭോക്താകൾക്കെല്ലാം അവ കൃത്യമായി വിതരണം ചെയ്യപ്പെടുകയുമല്ലേ യഥാർത്ഥത്തിൽ സംഭവിക്കുന്നത്? എന്നാൽ അല്ല. വിഷയത്തിലേക്ക് വരാം.
ഇന്ന് ഇന്റർനെറ്റിൽ ലഭ്യമായ വലിയൊരു ശതമാനം അറിവുകളും എ ഐ നിർമിച്ചവ തന്നെയാണ്. അല്ലെങ്കിൽ, എ ഐ അതിന്റെ പ്രാക്ടീസിങ് നടത്താൻ വേണ്ടി ഉപയോഗിച്ചവയാണ്. എ ഐ ഡെവെലപ്പ് ചെയ്യുന്ന ഓപ്പൺ Ai, മെറ്റ, ഗൂഗിൾ തുടങ്ങിയ വൻകിട കുത്തക കമ്പനികൾ തങ്ങളുടെ ഐറ്റം പുറത്തു വിടുന്നതിനുള്ള വലിയ പ്രത്യാഘാതങ്ങൾ നേരിടുന്ന സമയവുമാണ്. ഡാറ്റകളുടെ അഭാവമാണ് അവർ നേരിടുന്ന വലിയ പ്രശ്നം. ഈ പ്രശ്നത്തെ മറികടക്കാൻ വേണ്ടിയാണ് അവർ ഡിജിറ്റൈസേഷൻ നടത്തുന്നത്. 2022 ന് മുൻപുള്ള പുസ്തകങ്ങളാണ് അവർക്ക് ആവശ്യം. പുസ്തക പ്രേമികൾക്കും സാഹിത്യ ലോകത്തിനും വലിയ ദുഃഖവാർത്തയാണ് ഇതിനെ തുടർന്ന് ഉണ്ടായിരിക്കുന്നത്. വൻതോതിൽ ഡിജിറ്റൈസേഷൻ നടന്നു. പുസ്തകങ്ങൾ പൂർണമായി നശിപ്പിച്ചുകൊണ്ടുള്ള 'ഡിസ്ട്രക്ടീവ് സ്കാനിംഗ്' എന്ന സ്കാനിംഗ് രീതിയാണ് കമ്പനികൾ ഇതിനായി ഉപയോഗിച്ചത്. പുസ്തകങ്ങൾ പൂർണമായി നശിപ്പിക്കുന്നത് മൂലം സംഭവിക്കുന്ന പ്രശ്നങ്ങൾ ഒട്ടും ചെറുതല്ല. വൻകിട കമ്പനികൾ ഇതിന് മുതിരുമ്പോൾ സംഭവിക്കുന്നത്, അവർ ഈ അറിവുകളെ വൻവിലയ്ക്ക് വിൽക്കാനുള്ള സാധ്യതകൾ വർധിക്കും എന്നതാണ്. അത് മൂലം അറിവ് പണക്കാരിലേക്ക് മാത്രം ചുരുങ്ങുന്ന അവസ്ഥ സംജാതമാകും. കമ്പനികൾ ഈ അറിവുകളിൽ തങ്ങൾക്ക് അനുകൂലമല്ലാത്തതിനെ ഒളിപ്പിച്ചു വെക്കാനും സാധ്യതയുണ്ട്. പുസ്തകത്തിന്റെ രചയിതാക്കളുടെ വിസമ്മതം അവർ കണക്കിലെടുക്കുന്നില്ല. കോടതി കയറിയ എഴുത്തുകാരെ വൻകിട കമ്പനികൾ ഫെയർ യൂസ് (Fair use) അഥവാ പരിവർത്തനപരമായ ഉപയോഗം എന്ന നിയമം ഉപയോഗിച്ചാണ് വായടപ്പിക്കുന്നത്.
2026-ൽ പുറത്തുവന്ന റിപ്പോർട്ടുകളും കോടതി രേഖകളും അനുസരിച്ച്, അമേരിക്കൻ AI കമ്പനിയായ Anthropic നടത്തിയ Project Panama എന്ന പദ്ധതിയിൽ ദശലക്ഷക്കണക്കിന് അച്ചടിച്ച പുസ്തകങ്ങൾ വാങ്ങി സ്കാൻ ചെയ്തതായി വെളിപ്പെട്ടിട്ടുണ്ട്. ബ്രിട്ടനിൽ പ്രവർത്തിക്കുന്ന world of books പോലുള്ള പുസ്തക വ്യാപാരികളിൽ നിന്ന് പുസ്തകങ്ങൾ വാങ്ങിയതായി റിപ്പോർട്ടുകളുണ്ട്. പ്രതിവർഷം ദശലക്ഷക്കണക്കിന് പുസ്തകങ്ങളാണ് ഇത്തരത്തിൽ 'ലാർജ് ലാംഗ്വേജ് മോഡലുകൾ' വികസിപ്പിച്ചെടുക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുന്നത്. ഇതൊരു തരത്തിൽ വലിയ വൈരുദ്ധ്യത്തിലേക്കാണ് സഞ്ചരിക്കുന്നത്. അറിവു സംരക്ഷണം എന്ന വ്യാജേന അറിവിനെ അധികാരപ്പെടുത്തുകയും വാണിജ്യ താല്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും ഒപ്പം അമൂല്യ പുസ്തകങ്ങളെ പുനരുപയോഗിക്കാൻ കഴിയാത്ത വിധം നശിപ്പിക്കുകയും ചെയ്യുന്നു. 'അറിവ് നിർമ്മിക്കപ്പെടുന്നതിലൂടെയാണ് അധികാരം പ്രവർത്തിക്കുന്നത്' എന്ന ആശയം പങ്കു വെച്ചത് പ്രശസ്ത തത്വചിന്തകൻ മിഷേൽ ഫൂക്കോയാണ്. അഞ്ച് പതിറ്റാണ്ടുകൾക്കിപ്പുറവും ആ വാക്യം വാസ്തവമായി നാം തിരിച്ചറിയുന്നു.