ജനാധിപത്യത്തിന്റെ കാവൽക്കാരാകേണ്ട യുവത്വത്തെയും വിദ്യാർത്ഥി സമൂഹത്തെയും ഭരണകൂട ഭീകരതയിലൂടെ അടിച്ചമർത്താൻ ശ്രമിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ക്യാമ്പസുകളിൽ നിന്നും രാജ്യത്തിൻ്റെ യുവജനങ്ങളിൽ നിന്നും ഉയരുന്ന പ്രതിരോധത്തിന്റെ ശബ്ദങ്ങളെ ജയിലറകളിലേക്ക് തടവിലാക്കാനുള്ള വ്യഗ്രതയാണ് ഇന്ന് നാം കാണുന്നത്. 
ഏതൊരു ഭരണകൂടത്തിൻ്റെ പതനം എടുത്ത് നോക്കുമ്പോളും അതിൻ്റെ കാരണമായി മുൻപന്തിയിൽ നമുക്ക് കാണാൻ കഴിയുന്നത് വിദ്യാർത്ഥി പ്രക്ഷോഭങ്ങളെതന്നെയാണ്. സ്വതന്ത്ര സമരം കാലം മുതൽ 1975-77 കാലഘട്ടത്തിലെ അടിയന്തിരാവസ്ഥവരെ വിദ്യാർത്ഥി വിപ്ലവങ്ങളും ക്യാമ്പസുകളും സ്വതന്ത്ര ചിന്തയുടെയും സമര പോരാട്ടങ്ങളുടെയും കേന്ദ്രങ്ങളായിരുന്നു, ഏതൊരു അടിച്ചമർത്തിലെനും പോരാട്ടവീര്യം കൊണ്ട് നേരിടാൻ അന്ന് മുതൽക്കേ വിദ്യാർത്ഥി സമരങ്ങൾക്ക് കെൽപ്പുണ്ടായിരുന്നു, അതിന്നും ഈ രാജ്യത്ത് ഒട്ടും ശോഭ കെടാത്ത നിലക്ക്തന്നെ നമുക്ക് കാണാൻ സാധിക്കുന്നുണ്ട്, 

ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ ചോദിക്കുന്ന തലച്ചോറുകളെ ഭയപ്പെടുന്ന ഇന്നത്തെ ഭരണകൂടം ഏറ്റവും കൂടുതൽ പേടിക്കുന്നത് വിദ്യാർത്ഥി സമരങ്ങളെതന്നെയാണ്, അതിൻ്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കുവാൻ സാധിക്കുന്ന നിരവധി സംഭവവികാസങ്ങൾ ഇപ്പോഴും നമ്മുടെ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നു. വിയോജിപ്പുകളെ ക്രിമിനൽ കുറ്റമായി കാണുന്ന ഒരു പ്രവണതയാണ് ഇന്നത്തെ ഭരണകൂടത്തിൽ നിന്നും നമുക്ക് കാണാൻ സാധിക്കുന്നത്,

ഈ അടുത്ത് രാജ്യതലസ്ഥാനത്തെ ഒന്നടങ്കം നിശ്ചലമാക്കികൊണ്ട് CJP നടത്തിയ ജന്തർ മന്ദർ സമരം ലോകമൊട്ടാകെ ശ്രദ്ധനേടിയിരുന്നു, രാജ്യത്തിൻ്റെ വിദ്യാഭ്യാസ മേഖലയുടെ ദയനീയമായ പരാജയത്തെ തുറന്ന് കാട്ടിക്കൊണ്ടുള്ളതായിരുന്നു ആ വിദ്യാർത്ഥി പ്രക്ഷോഭം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കുക എന്ന നിലപാടിലുറച്ച് നിന്ന സമരക്കാർക്ക് മുന്നിൽ ഭരണകൂടത്തിന് മുട്ട് മടക്കേണ്ടി വന്നു, എന്നിരുന്നാലും അവിടെ സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥി കളെ ഡൽഹി പോലീസും ഭരണകൂടവും കൈകാര്യം ചെയ്തരീതി നമുക്കൊന്നും മറക്കാനാവുന്ന ഒന്നല്ല.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേശ് കുമാർ രാജിവെക്കണമെന്നാരോപിച്ച് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സമരത്തോടും ഭരണകൂടം സമാനമായ രീതിൽ തന്നെയാണ് പ്രതികരിക്കുന്നത്, CJP നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് രംഗയേയും അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലേക്ക് മാറ്റിയിരിക്കുന്നു അവരിപ്പോഴും അവിടെ കസ്റ്റഡിയിൽ തുടരുകയാണ്, കോടതി പോലും ജാമ്യം അനുവദിക്കാതെ വീണ്ടും അവരെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നു, ഭരണകൂടത്തിനെതിരെ ഉയരുന്ന ഏത് ശബ്ദങ്ങളെയും ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ഏത് വിധേനയും ശ്രമിക്കും എന്നത് നമ്മൾ പലവുറ കണ്ടതാണ്. യുഎപിഎ പോലുള്ള കരിനിയമങ്ങൾ അതിന് വേണ്ടി മാത്രമായി നിർമ്മിച്ചെടുത്തതാണെന്ന് നിസ്സംശയം പറയാനാകും,

പൗരത്വ സമരകാലത്ത് UAPA ചുമത്തി നിരവധി വിദ്യാർത്ഥി നേതാക്കളെ തീഹാറിൻ്റെ ഇരുട്ടറയിലേക്ക് തള്ളി വിട്ടത് നാം കണ്ടതാണ്, 
ഉമർ ഖാലിദ്, ഷർജീൽ ഇമാം,ഖാലിദ് സൈഫി, സഫൂറ സർഖാർ, മീരാൻ ഹൈദർ തുടങ്ങി നിരവധി വിദ്യാർത്ഥി യുവജന നേതാക്കളെയാണ് UAPA ചുമത്തി വർഷങ്ങളോളം വിചാരണപോലുമില്ലാതെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഇതിൽ മീരാൻ ഹൈദറിനും ഖാലിദ് സൈഫിക്കും ഈ വർഷത്തിൻ്റെ തുടക്കത്തിൽ സുപ്രീം കോടതി ജാമ്യമാനുവദിച്ചു എന്നിരുന്നാലും ജീവിതത്തിലെ പ്രധാനപ്പെട്ട് 6 വർഷത്തോളമാണ് ഇരുവർക്കും തീഹാറിലെ ഇരുട്ടരക്കുള്ളിൽ ഒരു വിചാരണ പോലുമില്ലാതെ നഷ്ടപ്പെടുത്തേണ്ടി വന്നത്.
അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഗർഭിണിയായിരുന്ന സഫൂറ സർഗാറിന് അന്താരാഷ്ട്ര തലത്തിലടക്കം ഉണ്ടായ മനുഷ്യാവകാശ ചർച്ചകൾക്കും ജനകീയ പ്രക്ഷോഭങ്ങൾക്കുമൊടുവിൽ മാനുഷിക പരിഗണനയുടെപേരിൽ 2020 മെയ്മാസത്തിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
എന്നാൽ ഉമർ ഖാലിദും ഷർജീൽ ഇമാമും 6 വർഷത്തിലേറെയായി ഇപ്പോഴും തീഹാർ ജയിലിൻ്റെ ഉരുണ്ട ഇരുമ്പറകൾക്കുള്ളിൽ വിചാരണപോലും ആരംഭിക്കാതെ കിടക്കുന്നു.
നീതിപീഠങ്ങൾ പോലും ഇവർക്ക് മുന്നിൽ മുഖം തിരിച്ച് കളയുകയാണ് ചെയ്യുന്നത്.

JNU പൂർവ്വ വിദ്യാർത്ഥിയും ഗവേഷകനും സജീവ പൗരാവകാശ രാഷ്ട്രീയ പാരവർത്തകൻ കൂടിയായിരുന്നു ഉമർഖാലിദ്, NRC,CAA സമരകാലത്ത് അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ ഭരണകൂടത്തിന് നേർക്കുള്ള കൂരമ്പുകളായി വർഷിക്കപ്പെട്ടു, ആ ഭയത്തിൽ നിന്ന് തന്നെയാവണം അദ്ദേഹത്തിന് തിഹാറിലെ ഇരുട്ടറയിലേക്കുള്ള വഴി തുറന്ന് കിട്ടിയത്.
ഡൽഹി കലാപത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടത്തി എന്നാരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യപ്പെട്ടത്, എന്നാൽ ഡൽഹി കലാപം പൗരത്വ സമരത്തെ അട്ടിമറിക്കാനുള്ള ഒരു ഭരണകൂട സൃഷ്ടി ആയിരുന്നെന്ന് ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ, അഥവാ 2002 ലെ ഗുജറാത്ത് കലാപം പോലെ, അന്ന് മോദി മുഖ്യമന്തിയായിരുന്നെങ്കിൽ ഇന്ന് പ്രധാനമന്ത്രിയായിരുന്നു എന്ന വ്യത്യാസം മാത്രമേ അതിലൊള്ളൂ,
അതുപോലെ തന്നെയാണ് ഷർജീൽ ഇമാമിൻ്റെ കാര്യവും IIT ബോംബെയിലെ പൂർവ്വ വിദ്യാർത്ഥിയും JNU വിലെ ഗവേഷണ വിദ്യാർഥിയായിരുന്നു ഷർജീൽ, പൗരത്വ വിരുദ്ധ സമരകാലത്ത് കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം നടത്തിയ പ്രസംഗങ്ങളിൽ രാജ്യദ്രോഹക്കുറ്റവും UAPAയും ചുമത്തി അദ്ദേഹത്തിനേയും തിഹാറിലേക്ക് നാടുകടത്തി, ഒരു വിദ്യാർത്ഥി നേതാവിൻ്റെ വാക്കുകളെ പോലും ഇത്രയേറെ പേടിക്കുന്ന ഒരു ഭരണകൂടം ഈ രാജ്യത്തെ വിദ്യാർത്ഥി വിപ്ലവ മുന്നേറ്റങ്ങളെ എത്ര കണ്ട് ഭയപ്പെടുന്നു എന്നത് നമുക്ക് ഊഹിക്കാവുന്നതാണ്.ജാമ്യം എന്നത് അപൂർവ്വമല്ല, ജയിലാണ് നിയമം" എന്ന ഭീകരമായ അവസ്ഥയാണ് ഇന്നീ രാജ്യത്ത് നിലനിൽക്കുന്നത്. വിചാരണ പോലും ആരംഭിക്കാതെ നീണ്ട ആറുവർഷത്തോളമായി തടവിൽ കഴിയുന്ന ഇവരുടെ ജാമ്യാപേക്ഷകൾ ഒന്നിനുപുറകെ ഒന്നായി കോടതികൾ തള്ളിക്കളയുന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് മേൽ വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നു.

സൗരവ് ദാസിനും അശുതോഷിനും ഒരിക്കലും ഉമർ ഖാലിദിൻ്റെയും ഷർജീൽ ഇമാമിൻ്റെയും ഗതി ഉണ്ടാവരുത്, പേരോ മതമോ ഒന്നുമല്ല അവർക്ക് പ്രശ്നം ഭരണകൂടത്തിന് നേരെ വിരൽ ചൂണ്ടി ചോദ്യം ചോദിക്കുന്നവർ ആരായാലും അവരതിനെ മുച്ചൂടും ഇല്ലാതാക്കാനുള്ള വഴി നോക്കിക്കൊണ്ടിരിക്കും, 'സഞ്ജീവ് ഭട്ട്' അത് നമ്മെ ഏറെ കാലമായി ഓർമ്മിപ്പിച്ച് കൊണ്ടിരിക്കുന്നുണ്ട്.

ക്യാമ്പസുകളിൽ നിന്നും തെരുവുകളിൽ നിന്നും ഉയരുന്ന പ്രതിരോധത്തിന്റെ ശബ്ദങ്ങളെ ജയിലറകളിലേക്ക് തടവിലാക്കാനുള്ള വ്യഗ്രതയാണ് ഇന്ന് നാം കാണുന്നത്. ജനാധിപത്യത്തിന്റെ സംരക്ഷകരാകേണ്ട യുവജനങ്ങളും വിദ്യാർത്ഥികളും എങ്ങനെയാണ് ഭരണകൂടത്തിന്റെ വേട്ടയാടലുകൾക്ക് ഇരകളാക്കപ്പെടുന്നതെന്നും, തീഹാർ പോലുള്ള അതിസുരക്ഷാ ജയിലുകൾ എങ്ങനെ യുവതലമുറയുടെ വിപ്ലവ സ്വപ്നങ്ങളെ തടവിലാക്കുന്ന ഇടങ്ങളായി മാറുന്നുവെന്നും നാമിന്ന് നേരിട്ട് കണ്ടുകൊണ്ടിരിക്കുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ വോട്ടർ പട്ടികയിൽ വരുത്തിയ 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (SIR) നടപടികളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ഇത് സാധാരണക്കാരായ വോട്ടർമാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഗുരുതരമായി ബാധിക്കുന്നുവെന്നും ആരോപിച്ചാണ് സി.ജെ.പി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത്. ഇതിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് അവർ ശക്തമായ പ്രതിഷേധ പരിപാടികൾ രാജ്യവ്യാപകമായി സംഘടിപ്പിച്ചിരുന്നു.
ഇതിൻ്റെ തുടർച്ചയായാണ് ജന്തർ മന്ദറിലേക്ക് സമരത്തെ വ്യാപിപ്പിക്കാൻ CJP ശ്രമിക്കുന്നത് എന്നാൽ ഡൽഹി പൊലീസ് അതിനുള്ള അനുമതി നിഷേധിച്ചതോടെ ജന്തർ മന്തർ 2.0ക്ക് അവിടെ വിലങ്ങ് വീഴുകയായിരുന്നു, അവിടെ പ്രതിഷേധങ്ങൾ പൂർണ്ണമായി നിരോധിക്കുകയാണുണ്ടായത്. എന്നാൽ ജനാധിപത്യപരമായ പ്രതിഷേധിക്കാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റമായാണ് ഇതിനെ അവർ കണ്ടത്. നിരോധിച്ചതുകൊണ്ട് മാത്രം പ്രതിഷേധങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല എന്ന നിലപാടിൻ്റെ അടിസ്ഥാനത്തിലാണ് വിലക്കുകളെ വകവെക്കാതെ അവർ അവിടെയെത്തിയത്. 

രാജ്യത്ത് ഭരണകൂടം അനൗദ്യോഗിക അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണെന്നും, ജനങ്ങളുടെ മൗലികാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടി ഇതിനെതിരെ തെരുവിൽ ഇറങ്ങി പ്രതികരിക്കേണ്ടത് അനിവാര്യമാണെന്ന് അവർ ഈ രാജ്യത്തോട് ഉറക്കെ വിളിച്ച് പറഞ്ഞു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രായ മത ലിംഗ ഭേദമന്യേ നിരവധി രാജ്യതലസ്ഥാനത്തേക്ക് ഇരച്ചെത്തി. ജന്തർ മന്ദറിലെ പൂട്ടിയിട്ടിരുന്ന ഗേറ്റുകൾ ചാടിക്കടന്നും ദേശീയ പതാകയേന്തിയും അവർ നടത്തിയ മിന്നൽ സമരം ഈ ഭരണകൂടത്തെ ശരിക്കും ഭയപ്പെടുത്തി എന്നതുറപ്പാണ്, അഭിജിത്ത് ദീപ്കെയെ നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് പ്രത്യക്ഷ സമരത്തിൽ നിന്നും വിട്ട് നിൽക്കണ മെന്ന ഉപാധികളോടെയാണ് വിട്ടയച്ചത്. ഈ സാഹചര്യത്തിൽ സിജെപിയുടെ മുഖ്യധാര നേതാക്കളായ ഇവർ ഇരുവരെയും ഈ പ്രക്ഷോഭത്തിൽ നിന്നും മാറ്റിനിർത്താനുള്ള ഭരണകൂടത്തിൻ്റ കുടല തന്ത്രമായി തന്നെ ഈ അറസ്റ്റിനെ കണക്കാക്കാം 

രാജ്യത്തെ ഓരോ പൗരൻ്റെയും ചോദ്യം ചെയ്യാനുള്ള അവകാശവും വിയോജിപ്പ് രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യവുമാണ് നമ്മുടെ ഈ ജനാധിപത്യത്തിന്റെ ജീവനാഡി. സൗരവ് ദാസിനെയും അശുതോഷിനെയും പോലുള്ള യുവനേതാക്കളെ തീഹാറിലേക്ക് അടയ്ക്കുന്നത് ഒരിക്കലും രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ ശക്തിയല്ല, മറിച്ച് അതിന്റെ ഭീരുത്വമാണ് വെളിപ്പെടുത്തുന്നത്. ജയിലഴികൾക്ക് വിപ്ലവത്തിന്റെ തീക്കനലുകളെ അണയ്ക്കാൻ കഴിയില്ല. പരമോന്നത നീതിപീഠം പോലും ഭരണകൂടത്തിൻ്റെ ചൂണ്ടുവിരലിലേക്ക് മാത്രമായി ചുരുങ്ങുമ്പോൾ ഇവിടെ ഉയരുന്ന ഓരോ ചെറുത്തുനിൽപ്പിന്റെ സ്വരവും നാളെയുടെ നീതിയുക്തമായ ഒരു ലോകം കെട്ടിപ്പടുക്കുമെന്ന വലിയ പ്രതീക്ഷയാണ് ഈ രാജ്യത്തിന് നൽകുന്നത്.