ഇന്ത്യൻ ജനാധിപത്യത്തിന്റെ ഹൃദയഭൂമിയായ ഡൽഹിയുടെ തെരുവുകളിൽ വീണ്ടും പ്രക്ഷോഭത്തിന്റെ അഗ്നി പടരുകയാണ്. ബാരിക്കേഡുകൾക്കും പോലീസ് ലാത്തികൾക്കും മുന്നിൽ പതറാതെ നിൽക്കുന്ന ജനക്കൂട്ടം ഉയർത്തുന്നത് വെറുമൊരു കക്ഷിരാഷ്ട്രീയ മുദ്രാവാക്യമല്ല; മറിച്ച് നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളുടെ തകർച്ചയ്ക്കെതിരെയുള്ള അതിജീവന പോരാട്ടമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ അധ്യക്ഷതയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ' നടപടികളാണ് ഇന്ന് രാജ്യത്തെ വലിയൊരു രാഷ്ട്രീയ പ്രക്ഷോഭത്തിലേക്ക് തള്ളിയിട്ടിരിക്കുന്നത്. ഒരുകാലത്ത് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പുകൾക്ക് ലോകമെമ്പാടും മാതൃകയായ ഒരു ഭരണഘടനാ സ്ഥാപനം  ഭരണകൂടത്തിന്റെ വിരൽത്തുമ്പിലെ നിഴൽരൂപമായി മാറിയോ എന്ന ഭയപ്പെടുത്തുന്ന ചോദ്യമാണ് ഇന്ന് പൊതുസമൂഹം ഒരേസ്വരം ഉയർത്തുന്നത്.

ലക്ഷക്കണക്കിന് സാധാരണക്കാരായ വോട്ടർമാരുടെയും പ്രതിപക്ഷ അനുഭാവികളുടെയും പേരുകൾ വോട്ടർപട്ടികയിൽ നിന്ന് ദുരൂഹമായി നീക്കം ചെയ്യപ്പെടുന്നു എന്ന ഗുരുതര ആരോപണമാണ് പ്രക്ഷോഭകർ ഉന്നയിക്കുന്നത്. ഇതിനേക്കാൾ ജനാധിപത്യവിരുദ്ധമായ കാര്യം, കമ്മീഷനുള്ളിലെ തന്നെ മറ്റ് അംഗങ്ങൾ നൽകിയ മുന്നറിയിപ്പുകളെയും എതിർപ്പുകളെയും പൂർണ്ണമായി അവഗണിച്ച് ഏകപക്ഷീയമായി തീരുമാനം നടപ്പിലാക്കുന്നു എന്നതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും പവിത്രതയും ഉറപ്പാക്കേണ്ട പ്രധാന സ്ഥാനത്തിരിക്കുന്നവർ തന്നെ നിഷ്പക്ഷത കളങ്കപ്പെടുത്തുമ്പോൾ, അവിടെ ചോദ്യം ചെയ്യപ്പെടുന്നത് ഒരു പൗരന്റെ പ്രാഥമിക അവകാശമായ വോട്ടവകാശമാണ്. ജനാധിപത്യത്തിന്റെ ആണിക്കല്ല് തന്നെ ഇളക്കിമാറ്റാൻ ഉന്നത തലങ്ങളിൽ ശ്രമം നടക്കുമ്പോൾ  അതിനെതിരെ ശബ്ദമുയർത്തേണ്ടത് രാഷ്ട്രീയ പാർട്ടികളുടെ മാത്രം കടമയല്ല, ഭരണഘടനയെ നെഞ്ചേറ്റുന്ന പൗരസമൂഹത്തിന്റെ മൊത്തത്തിലുള്ള ബാധ്യതയായി മാറിയിരിക്കുന്നു.


ഈ അനീതിക്കെതിരെ ഡൽഹിയിലെ തെരുവുകളിൽ രൂപപ്പെട്ട പ്രതിരോധ നിര അത്യപൂർവ്വവും ശക്തവുമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ആം ആദ്മി പാർട്ടിയും, ഇടതുപക്ഷ പ്രസ്ഥാനങ്ങളായ സിപിഐ(എം), സിപിഐ, തുടങ്ങിയ പ്രമുഖ പ്രതിപക്ഷ കക്ഷികളെല്ലാം തങ്ങളുടെ ആശയപരമായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി ജന്ദർ മന്ദറിലും പാർലമെന്റ് സ്ട്രീറ്റിലും തടിച്ചുകൂടിയിരിക്കുന്നു. പൗരന്മാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം തിരോധാന നടപടികൾക്കെതിരെ ശക്തമായ ജനകീയ മതിൽ തീർക്കാനാണ് ഈ ഐക്യം ആഹ്വാനം ചെയ്യുന്നത്. ഒരു ഭരണഘടനാ സ്ഥാപനം അതിന്റെ പവിത്രത മറന്ന് ഭരണകൂട ഒത്താശകൾക്ക് വഴങ്ങുമ്പോൾ, പാർലമെന്റിനകത്തും തെരുവുകളിലും ഒരുപോലെ അതിനെ ചെറുത്തുതോൽപ്പിക്കുക മാത്രമാണ് ഏകവഴിയെന്ന് ഈ ജനകീയ മുന്നേറ്റം നമ്മെ ഓർമ്മിപ്പിക്കുന്നു.

രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കൊപ്പം തന്നെ ഈ സമരത്തിന് ഊർജ്ജവും നട്ടെല്ലുമായി മാറിയിരിക്കുന്നത് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളാണ്. എഐഎസ്എ, എൻഎസ്യുഐ, എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങി മുൻനിര യുവജന സംഘടനകൾ തോളോടുതോൾ ചേർന്ന് പ്രതിഷേധങ്ങളിൽ അണിനിരക്കുന്നത് രാജ്യത്തിന്റെ ഭാവി തലമുറയുടെ രാഷ്ട്രീയ ജാഗ്രതയെയാണ് വിളംബരം ചെയ്യുന്നത്. ഡൽഹി സർവ്വകലാശാല,ജെഎൻയു, ജാമിയ മില്ലിയ തുടങ്ങിയ പ്രശസ്ത കലാലയങ്ങളിൽ നിന്നൊഴുകിയെത്തിയ യുവത്വം, ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്ക് മുന്നിൽ നെഞ്ചുവിരിച്ചു നിൽക്കുകയാണ്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ തെരുവിലിറങ്ങുന്ന പ്രബുദ്ധരായ യുവാക്കളുടെ സാന്നിധ്യം ഈ സമരത്തെ വെറുമൊരു താത്കാലിക രാഷ്ട്രീയ തർക്കത്തിനപ്പുറം, ചരിത്രപരമായ അവകാശപ്പോരാട്ടമാക്കി മാറ്റുന്നു.


എന്നും ചെയ്യാറുള്ളതുപോലെ  ന്യായമായ ചോദ്യങ്ങളെയും സമാധാനപരമായ പ്രതിഷേധങ്ങളെയും അതിക്രമത്തിലൂടെയും ബലപ്രയോഗത്തിലൂടെയും അടിച്ചമർത്താനാണ് കേന്ദ്ര ഭരണകൂടവും ഡൽഹി പോലീസും തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അശോകാ റോഡിലും ജന്ദർ മന്ദറിലും ഉയർത്തിയ ഇരുമ്പ് ബാരിക്കേഡുകളും, മുൻനിര രാഷ്ട്രീയ നേതാക്കളടക്കം എഴുന്നൂറിലധികം പേരെ അറസ്റ്റ് ചെയ്ത് നീക്കിയ പോലീസ് നടപടിയും ജനാധിപത്യ രാജ്യത്തിന് തീരാക്കളങ്കമാണ്. സമാധാനപരമായി പ്രതിഷേധിച്ച പ്രക്ഷോഭകർക്ക് നേരെയും, സത്യം പുറത്തെത്തിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെയും നടന്ന ക്രൂരമായ ബലപ്രയോഗം ഭരണകൂടത്തിന്റെ ഭയമാണ് വെളിപ്പെടുത്തുന്നത്. എന്നാൽ, പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലും തെരുവുകളിലും തടസ്സങ്ങളില്ലാതെ തുടരുന്ന ജനകീയ പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നത്, ലാത്തികളും അറസ്റ്റുകളും കൊണ്ട് ഇല്ലാതാക്കാൻ കഴിയുന്നതല്ല പൗരന്മാരുടെ നിശ്ചയദാർഢ്യം എന്നാണ്.

ഈ പ്രക്ഷോഭങ്ങൾ രാജ്യത്തിന് നൽകുന്ന വലിയൊരു പാഠമുണ്ട്; ഒരു രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ തകരുമ്പോൾ ആ രാജ്യം സാവധാനം ഏകാധിപത്യത്തിലേക്ക് വഴുതിവീഴും. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് വോട്ടറുടെ വിരൽത്തുമ്പിലെ മഷിയാണ്. ആ മഷി പുരട്ടാനുള്ള പൗരന്റെ അവകാശത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ രാജ്യത്തിന്റെ അടിത്തറയ്ക്കാണ് തീ കൊളുത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങളുടെ തെറ്റായ നയങ്ങൾ തിരുത്തുകയും, നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിൽ നിന്ന് മാറിനിന്ന് അന്വേഷണം നേരിടുകയും ചെയ്യുന്നതുവരെ ഈ സമരം അവസാനിക്കില്ല. രാജ്യത്തിന്റെ മതേതര ജനാധിപത്യ സ്വഭാവം നിലനിർത്താൻ ഡൽഹിയിലെ തെരുവുകളിൽ കത്തുന്ന ഈ സമരജ്വാലകൾ ഇന്ത്യയിലെ ഓരോ പൗരന്റെയും ഉള്ളിലേക്ക് പടരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.