ESSAY
2 min read
← All Articles
ഫലസ്തീനികളിലെ ഒലിവ് ചില്ലകളെ ഒരിക്കലും തകർക്കാനാവില്ല
ഒക്ടോബർ മാസത്തെ വാർഷിക വിളവെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ഇക്കഴിഞ്ഞ സെപ്റ്റംബർ 23ന് അധിനിവേശ വെസ്റ്റ്ബാങ്കിലെ റാമല്ലക്ക് സമീപമുള്ള ദീർനിദാം എന്ന ഫലസ്തീൻ ഗ്രാമത്തിലേക്ക് ഇസ്രായേൽ ബുൾഡോസറുകൾ ഇരമ്പിയെത്തുന്നത്.തുടർന്ന് ഗ്രാമത്തിലെ തോട്ടങ്ങളിലും വീടുകൾക്കിടയിലുമുള്ള ഒലിവ് മരങ്ങൾ പിഴുതെറിയുകയായിരുന്നു സൈന്യം. ഫലസ്തീനികൾക്ക് ഒലിവ് മരങ്ങളുമായി ഹൃദ്യമായ പരമ്പരാഗത ബന്ധമുണ്ട്. രാജ്യത്തെ വെസ്റ്റ് ബാങ്കിലും ഗാസയിലുമായി ഏകദേശം 1.2 കോടി ഒലിവ് മരങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഫലസ്തീനിലെ കൃഷിയോഗ്യമായ ഭൂമിയുടെ 45 ശതമാനത്തിലധികവും ഒലിവ് കൃഷിക്കാണ് ഉപയോഗിക്കുന്നത്. 1967 മുതൽ ഇന്നുവരെ 10 ലക്ഷത്തോളം ഒലിവ് മരങ്ങളാണ് ഇസ്രായേൽ സൈന്യം ഫലസ്തീനിൽ വേരോടെ പിഴുതെറിയുകയോ കത്തിക്കുകയോ ചെയ്തത് എന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്. ഈ വർഷം ഓഗസ്റ്റിൽ മാത്രം കാർഷിക ഭൂമിക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾ 19,375 ഒലിവ് മരങ്ങൾ ഉൾപ്പെടെ 21,508 മരങ്ങളെ ബാധിച്ചതായി ഫലസ്തീൻ അതോറിറ്റിയുടെ 'കൊളോണൈസേഷൻ ആൻഡ് വാൾ റെസിസ്റ്റൻസ് കമ്മീഷൻ' കണക്കാക്കുന്നു. ഈ കൊടും ക്രൂരതകക്ക് കാരണമെന്താണ്..? ഇസ്രായേൽ ഒലിവ് മരങ്ങളെ ഭയക്കുന്നുവോ..? അതെ.. ഫലസ്തീനികളുടെ നിർമലമായ വിശ്വാസത്തിന്റെ സമാധാന പ്രതീകമാണ് ഒലിവ് മരങ്ങൾ. ദീർനിദാം ഗ്രാമത്തിലെ തന്റെ ജീവിതോപാധി കൂടിയായ ഒലിവ് തോട്ടങ്ങളിൽ നിന്ന് ഉടമ അബ്ദുൽ ഫത്താഹ് തമീമിന് പ്രതിവർഷം 120 ഡ്രം ഒലിവ് എണ്ണ ലഭിക്കാറുണ്ടായിരുന്നുവത്രേ...എന്നാൽ ഇന്ന് അതെല്ലാം നാമാവശേഷമായിക്കിടക്കുമ്പോഴും അദ്ദേഹം പറയുന്നത് "അവർ ആരെയും പരിഗണിക്കുന്നില്ല, എന്നാൽ ദൈവം മുകളിലുണ്ട്, ഞങ്ങളുടെ ജീവൻ നൽകിയും ഞങ്ങൾ ഇവിടെ ഉറച്ചുനിൽക്കും,അവർ എത്ര പിഴുതെറിഞ്ഞാലും ദൈവത്തിന്റെ സഹായത്തോടെ ഞങ്ങൾ വീണ്ടും നടും" എന്നാണ്.ഈ നിർഭയമായ വിശ്വാസം തന്നെയാണ് ഫലസ്തീനികളുടെ നിർഭയത്വത്തിന്റെ നിദാനം. അത് കൊണ്ടാണ് 1974 ലെ യുഎൻ ജനറൽ അസംബ്ലിയിൽ ഒലിവ് ചില്ലയുമായെത്തിയ ഫലസ്തീൻ വിമോചക പോരാളി യാസിർ അറഫാത്ത് ഫലസ്തീനികൾ സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ തങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ സായുധ പോരാട്ടം തുടരുമെന്നുമുള്ള ശക്തമായ പ്രഖ്യാപനം നടത്തിയത്. നിങ്ങൾക്ക് ഫലസ്തീനിലെ ഒലിവ് തോട്ടങ്ങളെ ആയുധം കൊണ്ട് തോൽപ്പിക്കാനായേക്കാം,പക്ഷേ... ഫലസ്തീനികളിലെ ഒലിവ് ചില്ലകളെ ഒരിക്കലും തകർക്കാനാവില്ല.
മുഹമ്മദ് മുഹ്സിൻ വെള്ളുവങ്ങാട്
thewatermelon.in
മറ്റ് ലേഖനങ്ങൾ (More Stories) View All →
Essay
സൈബർ ലോകത്തെ കൗമാരവും രക്ഷാകർതൃത്വവും: വെല്ലുവിളികളും പ്രതിവിധികളും
ഒ.കെ ഹന്ന റാഫിഅ
Essay
എന്താണ് ജിഹാദ്? ആരാണ് ജിഹാദികൾ? ഒരു സമഗ്ര പഠനം
ആഷിക്ക് നിഷാദ് ചങ്ങനാശ്ശേരി
Tech & Media
വിജ്ഞാന ലോകത്തെ അധികാരപ്പെടുത്തുന്ന എ ഐ കമ്പനികൾ
സാബിത് ആവിലോറ
Inian politics