ജനനിബിഢമായ പട്ടണത്തിൽ തലയുയർത്തി നിൽക്കുന്ന ഭീമാകാരമായ ഒരു കെട്ടിടം. അതിന്റെ ഏതെങ്കിലും ജനൽ പാളിയുടെ ഒരു ഭാഗം ചെറുതായൊന്ന് പൊട്ടിയതായി കണ്ടാൽ ആരെങ്കിലും അതിനെ വലിയ ഗൗരവത്തിലെടുക്കുമോ? ഇല്ല എന്നതാണ് സത്യം. എന്നാൽ ഈ അവജ്ഞതയാണ് കാലങ്ങൾകൊണ്ട് വലിയ പൊട്ടുകളിലേക്ക് അതിനെ മാറ്റുന്നത്. ഇത് പോലെയാണ് സമൂഹത്തിൽ കുറ്റകൃത്യങ്ങളും വളരുന്നത് എന്നാണ് ബ്രോക്കൺ വിൻഡോ തിയറിയിലൂടെ ജെയിംസ് ക്യു വിൽസണും ജോർജ് എൽ കിലിങ്ങും പറഞ്ഞു വെക്കുന്നത്. ചെറുപ്പകാലത്ത് കുട്ടികൾ ചെയ്യുന്ന ചെറിയ ഉത്തരവാദിത്വമില്ലായ്മയെയും, തെറ്റുകളെയും ചുറ്റുമുള്ളവർ ഗൗരവത്തിൽ എടുക്കാതെ വരുമ്പോൾ, കാലക്രമേണ അവർ വലിയ ക്രിമിനലുകൾ ആയി മാറുന്നു. ഇത്തരത്തിൽ ഓരോ വിഷയങ്ങളിലും കൃത്യമായ നിലപാട് സ്വീകരിക്കേണ്ടവർ ആ ഇടങ്ങളിൽ അയവ് കാണിക്കുമ്പോൾ സമൂഹത്തിലെ ഓരോ മൂല്യങ്ങളും നഷ്ടപെടുന്നു എന്നതാണ് വസ്തുത. നമ്മുടെ ചുറ്റുപാടുകൾ തന്നെ കൃത്യമായി ഇത് വ്യക്തമാക്കുന്നുണ്ട്. നോക്കൂ, എങ്ങും തിരക്കുകൾ മാത്രം,വിലയില്ലാത്ത സൗഹൃദങ്ങൾ,മൂല്യങ്ങൾ നഷ്ടപെട്ട കൗമാരങ്ങൾ,കേവലം ജീവിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ലക്ഷ്യങ്ങളില്ലാത്ത യൗവനം അങ്ങനെ നീളുന്നു.
ഓരോ ദിനവും നമ്മെ സ്വാബോധത്തിലേക്ക് വിളിച്ചുണർത്തുന്നത് തന്നെ പുതിയഭാവ ഭേദങ്ങളിലുള്ള ക്രൈമുകളാണ് . തെറ്റൊന്നും ചെയ്യാത്ത സ്വന്തം പിഞ്ചുകുഞ്ഞിനെ ഒഴുകുന്ന പുഴയിലേക്ക് വലിച്ചെറിയാൻ മടിയില്ലാത്ത മാതൃത്വം,തനിക്ക് വേണ്ടി ആഹാരം പാകം ചെയ്യാൻ മൂർച്ച കൂട്ടിയ അതെ കത്തി കൊണ്ട് സ്വന്തം അമ്മയെയും സഹോദരനെയും വെട്ടി കൊലപ്പെടുത്തുന്ന യുവത്വം,സ്വന്തം കൂട്ടുകാരന്റെ തലയിൽ നന്ജക്ക് പ്രയോഗിച്ച് ചോര ഒലിപ്പിക്കുമ്പോൾ അടുത്ത് നിന്ന് ചിരിക്കുന്ന സൗഹൃദം. ആഗോള തലത്തിൽ, ഒരു വശത്ത് ആയുധ കമ്പോളങ്ങൾ, മറുവശത്ത് യുദ്ധ പ്രതിച്ഛായങ്ങൾ ഇരകളാക്കുന്ന ആയിരകണക്കിന് കുരുന്നുകളും സ്ത്രീകളും,ഹൃദയം നുറുങ്ങുന്ന കാഴ്ചകളിലും പൊട്ടിച്ചിരിക്കുന്ന അധികാര പ്രേമികൾ. ഒരു വാക്ക് കൊണ്ട് പോലും ചേതനയറ്റവർക്ക് വേണ്ടി ശബ്ദിക്കാൻ കൂട്ടാക്കാത്ത രാഷ്ട്രീയ മേലാളന്മാർ,ചുറ്റും മനുഷ്യത്വം മരവിച്ച നൂറ് നൂറ് കാഴ്ചകൾ. ഇത് കണ്ട് വളരുന്ന നാളെയുടെ പ്രതീക്ഷകളായ പുതിയ ജനറേഷൻ. യഥാർത്ഥത്തിൽ ആർക്കാണ് ഇവിടെ പിഴവ് സംഭവിച്ചത്? എവിടെയാണ് മാറ്റങ്ങൾ വന്നത്? ആരാണ് ഇതിനുള്ള ഉത്തരവാദികൾ? എന്താണ് പരിഹാരം?
സിവിക് സെൻസ് :
സമൂഹത്തിൽ ജീവിക്കുന്ന ഓരോ പൗരനും അനിവാര്യമായ ഒന്നാണ് സിവിക് സെൻസ്. ഒറ്റവാക്കിൽ പൗരബോധം എന്ന് പറയാം. അതായത്
അടിസ്ഥാനപരമായി ഉത്തരവാദിത്തമുള്ള ഒരു പൗരനായി തീരുക എന്നർത്ഥം. ഓരോ വ്യക്തകളും ഇടപെടുന്ന മേഖലകൾ വ്യത്യസ്ഥമാണ്. ആ ഇടങ്ങളിൽ എല്ലാം ഒരു നല്ല മനുഷ്യൻ ആയി ജീവിക്കാൻ പാലിക്കപ്പെടേണ്ട ദർശനങ്ങളും മൂല്യങ്ങളുമാണ് ഇതിൽ ഉൾപ്പെടുന്നത്. വിശാല അർത്ഥത്തിൽ പറഞ്ഞാൽ ധാർമിക, സാംസ്കാരിക, സാമൂഹിക മൂല്യങ്ങളുടെ ഒരു സങ്കലനം എന്നർത്ഥം. ഓരോ സമൂഹത്തിലും സാധാരണയായി ധാർമിക മൂല്യങ്ങൾ പഠിപ്പിക്കുന്നത് മതങ്ങളോ രാഷ്ട്ര നിയമങ്ങളോ സാമൂഹിക സംസ്കാരങ്ങളോ ആണ്. ഇവയൊന്നും തിന്മകളെ പ്രോത്സാഹിപ്പിക്കുന്നില്ല മറിച്ച് നന്മകളെയാണ്. ഒരു രാഷ്ട്ര സങ്കല്പത്തിലേക്ക് വരുമ്പോൾ അവിടെയുള്ള ഓരോരുത്തരും രാജ്യത്തിന്റെ പൗരന്മാർ ആണ്. അത് കൊണ്ട് തന്നെ, ഓരോ പൗരനും രാജ്യം വക വെച്ച നൽകുന്ന ആനുകൂല്യങ്ങളോടൊപ്പം രാജ്യത്തെ നിയമ സംവിധാനമോ ഭരണഘടനയോ നിഷ്കർഷിക്കുന്ന മൗലിക ഉത്തരവാദിത്തങ്ങൾ കൂടി പാലിക്കുമ്പോഴാണ് പൗരബോധം അർത്ഥവത്താകുന്നത് . ഇന്ത്യയിൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 51a ഓരോ പൗരനുമുള്ള അടിസ്ഥാന ബാധ്യതകൾ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. മത സംവിധാനങ്ങളും ഇപ്രകാരം തന്നെയാണ്. ഒരോ മതത്തിന്റെ അനുയായികളും പ്രസ്തുത ആശയ സംവിധാനത്തിന്റെ കീഴിൽ ഒരർത്ഥത്തിൽ പൗരന്മാരാണ്. ഓരോ പൗരന്റെയും പ്രാഥമിക ബാധ്യതയായി പൗരബോധം മാറുമ്പോൾ മതത്തിന് കീഴിൽ അവൻ പൂർണമായും മതമൂല്യങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. അതായത് മതം പറഞ്ഞ നന്മകളെ ഉൾകൊള്ളുകയും, അതനുസരിച്ചു പ്രവർത്തിക്കുകയും, മതം നിരോധിച്ചതിനെ ഒഴിവാക്കുകയും ചെയ്യുന്നവനായി മാറണം എന്നർത്ഥം . അത് കൊണ്ടാണ് കൃത്യമായി യഥാർത്ഥ മതത്തെ ഉൾകൊള്ളുന്നവർ തിന്മകളിൽ നിന്നും വിട്ട് നിൽക്കുന്നതും കേവലം വാക്കാൽ മത വേഷം ചമയുന്നവർ കുറ്റങ്ങളിൽ ഏർപ്പെടുന്നതും. അവർക്കിടയിലുള്ള ധാർമിക മൂല്യങ്ങളിൽ ഉള്ള അന്തരമാണ് അതിന്റെ പ്രധാന കാരണം. രാഷ്ട്ര,മത ധാരകൾക്ക് പുറമെ ഒരു സമൂഹത്തിൽ ഇടപെടുമ്പോൾ അവിടെയും അവൻ ഒരു പൗരനാണ്. സാമൂഹിക പൗരൻ എന്ന് അർത്ഥം. അത് കൊണ്ട്, പൗരബോധം എന്ന നിലക്ക് സാമൂഹികമായ മൂല്യങ്ങൾ പാലിക്കലും അവന്റെ ബാധ്യതയായി മാറും. ഇത്തരം മൂല്യങ്ങൾ ഉൾകൊള്ളാനും അനുവർത്തിക്കാനും തയ്യാറാകാത്തവരിൽ നിന്നാണ് മനുഷ്യത്വ രഹിത പ്രവർത്തനങ്ങൾ ഇന്ന് ലോകത്തെമ്പാടും നടമാടുന്നത്. ചുരുക്കത്തിൽ ഓരോ മനുഷ്യനും വ്യക്തിപരം, കുടുംബപരം, സാമൂഹികപരം, ആഭ്യന്തരം, ആഗോളപരം എന്ന നിലയിൽ അവർ ഇടപെടുന്ന ഇടങ്ങൾക്കനുസൃതമായി അവർ അതിലെ പൗരന്മാരായിരിക്കും. മതമുള്ളവൻ മതത്തിൽ നിന്നോ മതമില്ലാത്തവൻ സമൂഹത്തിൽ നിന്നോ, ഇരുവരും രാഷ്ട്ര സംവിധാനങ്ങളിൽ നിന്നോ മറ്റോ മൂല്യങ്ങൾ സ്വായത്തമാക്കേണ്ടതുണ്ട് എന്ന് സാരം. അത്തരം മൂല്യങ്ങൾ ഓരോ പൗരനും ജീവിത മൂല്യങ്ങളായി സൂക്ഷിക്കുമ്പോൾ സുന്ദരമായ നല്ലൊരു സമൂഹം ഇവിടെ പിറവിയെടുക്കുന്നു.
നേട്ടങ്ങളും കോട്ടങ്ങളും :
ഒരു സംവിധാനത്തെ പൂർണമായി അംഗീകരിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവർ ഒരിക്കലും ആ സംവിധാനം മുന്നോട്ട് വെക്കുന്ന ആശയങ്ങൾക്ക് എതിര് പ്രവർത്തിക്കില്ല. അവന്റെ നിലനിൽപ് ആ സംവിധാനത്തെ ആശ്രയിക്കുന്നുണ്ട് എന്നതാണ് അതിന്റെ മൂല കാരണം. ഒരു ഉത്തരവാദിത്വബോധമുള്ള പൗരൻ എന്ന് ഒരാൾക്ക് അവകാശപ്പെടാൻ കഴിയണമെങ്കിൽ, അവൻ നിലകൊള്ളുന്ന സമൂഹത്തെ കുറിച്ചുള്ള അവബോധവും ആ സമൂഹത്തോടുള്ള പ്രതിബദ്ധതയും അനിവാര്യമാണ്. അതിന്റെ അഭാവമാണ് വിഭിന്നമായ കാഴ്ചപ്പാടുകളിലേക്ക് ഓരോരുത്തരെയും വഴിനടത്തുന്നത്. എല്ലാ നന്മകളും തിന്മകളും ഇവിടെ നിർണയിക്കപ്പെട്ടിട്ടുണ്ട്. നല്ല കാര്യങ്ങളും മോശം കാര്യങ്ങളും ഇവിടെ അറിയപ്പെട്ടിട്ടുണ്ട്. അവ തിരിച്ചറിയാനുള്ള മാധ്യമമായിട്ടാണ് ബുദ്ധി നമുക്ക് നൽകപ്പെട്ടത്. ഓരോ കാര്യങ്ങളിലും അവയെ കൃത്യമായി വേർതിരിച്ചു മനസ്സിലാക്കി പ്രവർത്തിക്കുക മാത്രമാണ് നമ്മുടെ ഓരോരുത്തരുടെയും ബാധ്യത. എന്നാൽ നമുക്ക് പിഴക്കുന്നതും ഈ ബാധ്യതയിൽ തന്നെയാണ്. കഴിഞ്ഞ മാർച്ച് മാസത്തിൽ എൻ ഡി ടി വി "സീറോ സിവിക് സെൻസ്" എന്ന പേരിൽ പുറത്തു വിട്ട ഒരു വാർത്ത മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അബുദാബി എയർ പോർട്ടിൽ ഒരു ഇന്ത്യൻ പൗരൻ അടുത്തുള്ളവരെ പരിഗണിക്കാതെ ഫോണിലൂടെ ഉറക്കെ സംസാരിക്കുന്നത് ഒരു വിദേശി പകർത്തുകയും, അത് ഷെയർ ചെയ്ത് കൊണ്ട് അദ്ദേഹം ഇന്ത്യക്കാരുടെ പൗരബോധത്തെ ചോദ്യം ചെയ്തതായിരുന്നു വാർത്തയുടെ കാരണം. ഇതേ മാസത്തിൽ തന്നെ എയർ ഇന്ത്യയിൽ ടോയ്ലെറ്റിലെ വൃത്തിയില്ലായ്മകൊണ്ട് ബുദ്ധിമുട്ടിയ യാത്രക്കാരുടെ അനുഭവവും വാർത്തയായിരുന്നു. യഥാർത്ഥത്തിൽ ഇവയെല്ലാം നമ്മുടെ സംസ്കാരമായിട്ടാണ് വിലയിരുത്തപ്പെടുന്നത് എന്നതാണ് ഖേദകരം. ഒരു രാജ്യത്തെ കുറിച്ചുള്ള ആഗോള ധാരണയാണ് അതിലൂടെ തിരുത്തപ്പെടുന്നത്. ഇപ്രകാരം, റോഡിലൂടെ സഞ്ചരിക്കുമ്പോൾ ആംബുലൻസ് വരുമ്പോൾ പോലും ഒഴിഞ് കൊടുക്കാൻ സാധിക്കാത്തതും, ഭക്ഷിച്ച ഇടങ്ങളിൽ തന്നെ വേസ്റ്റ് ഇടാൻ പ്രേരിപ്പിക്കുന്നതും, സമൂഹം ഭീതിയിൽ നിലനിൽക്കുമ്പോൾ പോലും തെറ്റായ വിവരങ്ങൾ കൈമാറപ്പെടുന്നതും പൗരബോധമില്ലായ്മയുടെ അടയാളങ്ങളാണ്. നമ്മുടെ വിദ്യാർത്ഥികൾ എന്ത് കൊണ്ട് ലഹരികൾക്കും മറ്റു തിന്മകൾക്കും അടിമയാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉത്തരം ലളിതമാണ്, അവർക്ക് അനുകൂലമായ മൂല്യങ്ങൾ പാലിക്കപ്പെടേണ്ടാത്ത ചുറ്റുപാടുകൾ സമൂഹവും, സർക്കാറുകളും ഒരുക്കി കൊടുക്കുന്നു എന്നതാണ്. ഒരു തെറ്റ് കണ്ടാൽ വിലക്കിയിരുന്ന മുതിർന്നവർ ഇന്ന് ഉപദേശിക്കുന്ന കാഴ്ചകളേ ഇവിടെയില്ല. ലഹരിയിലൂടെ സാമ്പത്തിക ലാഭം ഉണ്ടാകുന്ന തിരക്കിലായ സർക്കാരും സ്വന്തം മക്കളെ നോക്കി വളർത്താൻ സമയമില്ലാത്ത മാതാപിതാക്കളും. ചുരുക്കത്തിൽ ചെറുപ്പത്തിൽ തന്നെ വിദ്യാർത്ഥികൾ നിയന്ത്രങ്ങളിൽ നിന്ന് പൂർണമായി സ്വതന്ത്രരാകുമ്പോൾ കെട്ടഴിഞ്ഞ യുവത്വമായി അവരുടേത് മാറുന്നു. അവർ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഭീഷണികളും വെല്ലു വിളികളുമായി മാറുന്നു. ഇതിനുള്ള പ്രധാനഹേതു പൗരബോധത്തിലുള്ള വിളളലുകളാണ്. നന്മയില്ലാത്ത ഹൃദയങ്ങളാണ് പൗരബോധമില്ലായ്മയുടെ അനന്തരം.
പരിഹാരങ്ങൾ:
2025 ഫെബ്രുവരിയിൽ കാർത്തി പി ചിദംബരം ദി പ്രിൻറ്റിൽ എഴുതിയ ലേഖനത്തിന് നാമകരണം ചെയ്തത് "തെരുവുകൾ വൃത്തഹീനമായതിന് സർക്കാരിനെ മാത്രം കുറ്റപ്പെടുത്തരുത്, പൗരബോധം നിയമ നിർമാണം നടത്താൻ കഴിയില്ല" എന്നായിരുന്നു. അതായത് പൗരബോധം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്ന് പോകേണ്ട മൂല്യമാണ് എന്നർത്ഥം. പൗരബോധം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വ്യക്തികൾ പൊതു താല്പര്യങ്ങളെ അവഗണിച്ച് സ്വതാല്പര്യങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ തയാറാകുന്നു എന്നതാണ്. പൊതുതാല്പര്യങ്ങൾ ഹനിക്കാതെയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ, പൗരബോധമില്ലായ്മയാണ് ഇന്ന് സമൂഹത്തിൽ നടമാടുന്ന മോശം കാര്യങ്ങളുടെ ഒരു പ്രധാന കാരണം എന്ന് പറയാം. യഥാർത്ഥ മാതൃത്വം എന്താണ് എന്ന് പഠിപ്പിക്കുന്നത്, സത്യമായ സ്നേഹത്തെ നിർവചിക്കുന്നത്, സമാധാനം ആണ് വേണ്ടത് എന്ന് കല്പിക്കുന്നത്, പൗരബോധമാണ്. എന്നല്ല നാം വോട്ട് രേഖപെടുത്തുന്നത് പോലും പൗരബോധത്തിന്റെ ഭാഗമായാണ്. അതിന് മതങ്ങളോ സംസ്കാരങ്ങളോ രാഷ്ട്ര സംവിധാങ്ങളോ ഇടമാധ്യമങ്ങൾ ആകുന്നു എന്ന് മാത്രം. കണക്കുകൾ അനുസരിച്ച് ഈ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ സംഭവിച്ച കുറ്റകൃത്യങ്ങൾ കൂടുതലും കൗമാരക്കാരിൽ നിന്നായിരുന്നു. അതിനുള്ള പ്രധാന കാരണം പൗരബോധം പുതിയ തലമുറയിലേക്ക് കൈമാറപ്പെടുന്നില്ല എന്നതാണ്. ഇവിടെയാണ് ഉത്തരവാദികൾ ആരാണ് എന്ന ചോദ്യം പ്രസക്തമാകുന്നത്. പണ്ട് ഓരോ വീടുകളിലെയും കൊച്ചു കുടുംബങ്ങളിൽ തുടങ്ങി,പിന്നീട് സമൂഹത്തിലേക്കും,രാഷ്ട്ര സങ്കല്പങ്ങളിലേക്കും വ്യാപിക്കുന്ന ഒന്നായിരുന്നു ഇത്തരം ധാർമിക മൂല്യങ്ങൾ, എന്നാൽ പുതിയ കാലത്ത് ധാർമികത എന്നത് കേവലം സദാചാരം ചമയലാണ് എന്ന പേരിൽ ആക്ഷേപിക്കപ്പെട്ടപ്പോൾ പുതിയ തലമുറക്ക് വലിയ രീതിയിൽ മൂല്യച്യുതി സംഭവിച്ചു എന്നതാണ് വാസ്തവം. മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ഒരു സമൂഹം ഇവിടെ നിലനിൽക്കൽ സമൂഹ നന്മക്ക് അനിവാര്യമാണ്. ഇത് വെക്തമായി ഡോ. രാജീവ് വിശ്വനാഥൻ തന്റെ സിവിക് സെൻസ് ആൻഡ് റെസ്പോൺസിബ്ലിറ്റീസ് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. അതായത്, പൗരബോധം സൃഷ്ടിക്കാനുള്ള ഒരു മാർഗ്ഗം പുതിയ തലമുറയെ നമ്മോട് ചേർത്ത് നിർത്തി സ്നേഹം നൽകി മൂല്യങ്ങൾ പകർന്ന് വളർത്തിയെടുക്കലാണ്, സോഷ്യൽ മീഡിയകളിൽ സമയം തളച്ചിട്ട പുതിയ കാലത്ത് മാധ്യമങ്ങൾക്ക് ഈ വിഷയത്തിൽ വ്യത്സ ത പ്രവർത്തനങ്ങൾ കൊണ്ട് വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ സാധിക്കും. അതിനെല്ലാം ആദ്യം പരിഹരിക്കപ്പെടേണ്ടത് നാമാകുന്ന സമൂഹത്തിന്റെ ചിന്താഗതികളെയാണ്. ഓരോ മാതാപിതാക്കളും അതിന്റെ വിത്തുകൾ വിതക്കണം. സമൂഹം സദാസമയം അതിനെ നനക്കണം. സർക്കാർ സംവിധാനങ്ങളും മാധ്യമങ്ങളും അവർക്ക് വേണ്ട വളവും ഊർജവും നൽകണം. അതിലൂടെ ധാരാളം ഫലങ്ങൾ തരുന്ന, തണലേകുന്ന നന്മയുള്ള വടു വൃക്ഷങ്ങളെ ലോകത്തിന് സമ്മാനിക്കണം. അതിന് കൃത്യമായ പൗരബോധത്തെ കുറിച്ചുള്ള അറിവ് പുതു തലമുറക്ക് പകരുന്നതോടൊപ്പം അവരുടെ ജീവിതത്തിൽ അത് പ്രയോഗവത്കരിക്കപ്പെടാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഉണ്ടാക്കി കൊടുക്കേണ്ടതുണ്ട്. ഉപദേശം ഇഷ്ടപെടാത്ത പുതുതലമുറക്ക് അവ നിർദേശങ്ങളായി നൽകാം. ഇത്തരത്തിൽ ജീവിതത്തിന്റെ നിഖില മേഖലകളിലും ധാർമിക ബോധം സൃഷ്ടിക്കുന്നതിലൂടെ പൗരബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമ്മുക്ക് സാധിക്കും.