എന്തു കൊണ്ടാണ് മാധ്യമ ധർമത്തെ കുറിച്ച്  ഈയിടെയായി നിരന്തരം പറഞ്ഞു കൊണ്ടേയിരിക്കേണ്ടി വരുന്നത് ..? ഇതൊരു ചോദ്യമാണ്. മാധ്യമ ധർമത്തെ മനസ്സിലാക്കിയാലാണ് പ്രസ്തുത ചോദ്യത്തിന് മറുപടി പറയാൻ കഴിയുന്നത്. 

അങ്ങനെയാവുമ്പോൾ 'കേരളത്തിലെ മിക്ക ന്യൂസ് ചാനലുകളും പലപ്പോഴും അധാർമികമായാണ് മാധ്യമത്തെ കൈകാര്യം ചെയ്യുന്നതാണ് കാരണമെന്നതാണ്' മേൽ ചോദ്യത്തിൻ്റെ ഉത്തരം. 

പുതിയ കാലത്ത് പൊതുജനത്തിന് ഒരു വാർത്തയുടെ സത്യാവസ്ഥ അറിയാൻ ആശ്രയിക്കാവുന്ന മാധ്യമസ്ഥാപനമേത് എന്നാലോചിച്ചാൽ മറുപടി കണ്ടെത്തൽ അൽപ്പം പ്രയാസകരം തന്നെ. 

റേറ്റിംഗ് ലക്ഷ്യമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബിസിനസ്സ് കമ്പനികളെന്ന് ഇവയെ വിശേഷിപ്പിച്ചാലും അത് അധിക വായനയാകില്ല. 

"കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുക" എന്ന ചൊല്ല് ഇന്നത്തെ 'അ'മാധ്യമ പ്രവർത്തനത്തോട് കൂടുതൽ യോജിക്കുന്നുണ്ട്. ഒരു കാര്യം സംഭവിച്ചുവെന്ന വിവരം മാത്രം കേട്ട്, അത് ഉറപ്പാക്കാതെയോ സംഭവിക്കുന്നതിന് മുമ്പേയോ അതിന്റെ തുടർ നടപടികളിലേക്ക് കടക്കുക എന്നത് ചാനല്കാരുടെ ഒരു പോളിസിയായി അവർ ഏറ്റെടുക്കുന്നു. 


ഇവിടെ ചില കാര്യങ്ങൾ വ്യക്തമാകാനുണ്ട്. 

ഒന്ന് - നിലവിലുള്ളത് പോലെ, വാർത്തകളെ തെറ്റായി വ്യാഖ്യാനിച്ചും റേറ്റിംഗ് സാധ്യതകൾക്കനുസരിച്ച് രൂപപ്പെടുത്തിയും മാധ്യമങ്ങൾ അധാർമികതയെ അലങ്കാരമായി കൊണ്ട് നടക്കുമ്പോൾ സംഭവിക്കുന്നതെന്താണ് ?! 

നിരപരാധികളായ പലരും സമൂഹത്തിന് മുന്നിൽ അപമാനിക്കപ്പെടുകയോ അവഹേളനത്തിന് ഇരയാവുകയോ ചെയ്യുന്നുവെന്നത് തന്നെയാണ് ഒരു വലിയ പ്രശ്നം. 

ഒരുദാഹരണം പറയാം. രണ്ടാഴ്ച മുന്നെ കാന്തപുരം ഉസ്താദ് എന്ന കേരളത്തിലെ പ്രശസ്ത ഇസ്‌ലാമിക പണ്ഡിതൻ പ്രസ്തുത ദിവസങ്ങളിൽ മതനിയമങ്ങൾക്ക് അതീതമായി ചിലയിടങ്ങളിൽ ഉണ്ടായ ഏതാനും സംഭവങ്ങളെ തുടർന്ന് മതനിയമം പറഞ്ഞുകൊണ്ടൊരു പ്രസ്താവന പുറപ്പെടുവിക്കുന്നു. 

അന്ന് ഏതെങ്കിലും ഒരു പ്രമുഖ ന്യൂസ്‌ ചാനൽ 'ഇങ്ങനെയൊരു പ്രസ്‍താവനയുണ്ട്' സ്ത്രീകൾക്ക് പഠന - ഉദ്യോഗ മേഖലകളിൽ ശബ്ദിക്കുന്ന ഒരാളെന്ന നിലക്ക് കാന്തപുരം ഉസ്താദിന്റെ ഈ വാക്കുകൾക്ക് വിശദീകരണം ആവശ്യമാണെന്ന് ചിന്തിച്ചിരുന്നെങ്കിൽ, അങ്ങനെ അത് പ്രചരിപ്പിച്ചിരുന്നെങ്കിൽ,  അന്തിച്ചർച്ചകളിൽ നിന്നും  തെറ്റിദ്ധാരണകൾ ഉണ്ടായ ചുരുക്കം ചിലരാണെങ്കിലും അവരെ തിരുത്തപ്പെടാൻ അത് കാരണമായിരുന്നെങ്കിൽ... എത്ര നയന മനോഹരമായ കാഴ്ചയാകുമായിരുന്നത്.! എത്ര മൂല്യമേറിയ മാധ്യമ ധർമ്മമാകുമായിരുന്നത്.! 

എന്നാൽ സംഭവിച്ചത് എന്തായിരുന്നു ?- 

കേട്ടപാതി, കേൾക്കാത്ത പാതി; അതാ വരുന്നു - 

Breaking News -

"സ്ത്രീവിരുദ്ധ പരാമർശവുമായി കാന്തപുരം",

"കാന്തപുരത്തിന്റെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ........" 

ഔറത്ത് മറക്കണേ മറക്കണേ എന്ന മതനിയമം പറഞ്ഞതിനെ സാമൂഹ്യപ്രശ്നമാക്കി പർവ്വതീകരണം ഉദ്ദേശിച്ച്, വരികളുടെ പ്രാസമൊപ്പിച്ച് ചാനൽ ചർച്ചയുടെ ഇൻട്രോയിൽ - കടിച്ചു കീറാൻ കിട്ടിയ എല്ലിൻ കഷ്ണം കണക്കെ - 'പെണ്ണൊരുത്തി' വിളമ്പിയല്ലോ... "ഔറത്ത് മറക്കല്ലേ മറക്കല്ലേയെന്ന് പെണ്ണിനോട് മാത്രം പറയുന്നതെന്ത് കൊണ്ടാണ്" 

ഓരോ മതത്തിനും ഇന്ത്യൻ മണ്ണിൽ പ്രാധാന്യമുണ്ടെന്ന പോലെ പ്രധാനപ്പെട്ടതാണ് ഓരോ മതത്തിനും തങ്ങളുടെ പൂർവികർ. ഇസ്‌ലാമിനും തഥൈവ. എന്നിരിക്കെ നബി പത്നിമാരെ ഉദ്ധരിച്ച് മറ്റൊരുത്തി... "അവർ പണ്ടേ കുഴപ്പക്കാരികളാണോ". 

"എന്തായാലും അത്തരം സഹായങ്ങൾ ചെയ്യുമ്പോഴും അദ്ദേഹം (കാന്തപുരം ഉസ്താദ്) നടത്തിയ ആ പ്രസ്താവനയെ ഏതർത്ഥത്തിലും ഏത് വേദിയിൽ പറഞ്ഞാലും അത് അനുകരിക്കാൻ കഴിയുന്നതല്ല, അത് കേൾക്കാൻ കഴിയുന്നതല്ല, എതിർക്കാതിരിക്കാവതല്ല" ഇവ്വിഷയകരമായി സർവ്വ ചർച്ചകളും കഴിഞ്ഞ്, വിശദീകരണങ്ങൾക്കും ശേഷം ഒരു ചാനൽ അവതാരകൻ ഡിബേറ്റ് അവസാനിപ്പിച്ച വാക്കുകളാണിത്.

ഇങ്ങനെ തുടങ്ങി അനേകം അപരാധങ്ങൾ... 

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കല്ലേയെന്ന്  ഈ 'അ'മാധ്യമ പ്രവർത്തകർ ആഗ്രഹിക്കുന്നുവെന്നല്ലേ ഇതിന്റെയൊക്കെ അർത്ഥം. എന്നുവെച്ചാൽ 'ഞങ്ങൾക്ക് അടുത്ത ഒരു ചർച്ചാവിഷയം കിട്ടുന്നത് വരെ ഞങ്ങളിതുമായി തന്നെയങ്ങ് കൂടും, ഞങ്ങൾക്ക് റേറ്റിംഗ് ആണ് പ്രധാനം' എന്ന് പറയാതെ പറയുന്നുവെന്ന് ചുരുക്കം. 

മാധ്യമങ്ങൾ വാർത്തകളെ അധാർമികമായി സമീപിക്കുമ്പോൾ ഉണ്ടാകുന്ന മറ്റൊരു പ്രശ്നം യഥാർത്ഥ തെറ്റുകാർ ന്യായീകരിക്കപ്പെടുന്നു എന്നതാണ്. 

ഉദാഹരണത്തിന്, ഒരു ക്രിമിനൽ എന്ന് ചില മാധ്യമപ്രവർത്തകരെങ്കിലും ആണയിട്ടു പറഞ്ഞ റിപ്പോർട്ടർ ടിവിയുടെ മാനേജിംഗ് ഡയറക്ടർ ആൻ്റോ അഗസ്റ്റിൻ്റെ വിഷയത്തിൽ പ്രസ്തുത ചാനലിൻ്റെയും ഏതാനും മാധ്യമപ്രവർത്തകരുടെയും ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും ഇടപെടലുകൾ എങ്ങനെയായിരുന്നു ?!. പ്രബുദ്ധകേരളത്തെ നാണിപ്പിക്കും വിധമായിരുന്നു എന്ന് പറഞ്ഞാൽ തെറ്റാകുമോ- ഇല്ല എന്ന് തോന്നുന്നു. ഒരു മാധ്യമ സ്ഥാപനത്തിൻ്റെ ന്യൂസ് സെസ്കിലേക്ക് പോലീസ് സേന പ്രത്യേക സമ്മതമില്ലാതെ കയറിയത് (അങ്ങനെയാണ് സംഭവിച്ചതെങ്കിൽ & അത് തെറ്റാണെങ്കിൽ) ജനാധിപത്യത്തിന് ഭൂഷണമെന്ന് കരുതുന്നില്ല. എന്നാൽ മാധ്യമ സ്വാതന്ത്ര്യം എന്ന് പേർത്തും ഊറ്റം കൊണ്ട്, പൊതുജനത്തിൻ്റെ സ്വകാര്യതകളിലേക്ക് പാഞ്ഞു കയറുകയും സ്വന്തം വിഷയങ്ങൾ വരുമ്പോൾ മാത്രം അതിനെ ന്യായീകരിക്കാൻ ഒരു ചാനലിനെയും അതിൻ്റെ അണിയറ പ്രവർത്തകരെയും വിലക്കെടുത്തു എന്ന് മനസ്സിലാക്കാവുന്ന രീതിയിലായിരുന്നു അന്ന് നടന്ന നാടകീയ രംഗങ്ങൾ. 

ഈ വിഷയത്തിൽ സത്യാവസ്ഥ വിശദീകരിക്കുന്ന നിലക്ക് ഏതാനും ചാനലുകൾ മുന്നോട്ട് വന്നത് നല്ല കാര്യം തന്നെ. മാധ്യമങ്ങളോട് പറയാനുള്ളത് "സത്യം മാത്രം പറയുക. ധാർമികമായിരിക്കുക".