"അതെ, കറുപ്പ് ഒരു കുറവുമല്ല; വെളുപ്പ് ഒരു കഴിവുമല്ല."
കേരളത്തിലെ ഒരു പ്രമുഖ ഡിജിറ്റൽ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കോഴിക്കോട് നടന്ന Apple- പുറത്തിറക്കിയ പുതിയ ഫോൺ ലോഞ്ച് പരിപാടിയിലേക്ക് സ്ത്രീകളെ ആവശ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്, ഡിജിറ്റൽ ക്രിയേറ്ററും അവതാരികയുമായ ഒരു യുവതി ഉന്നയിച്ച ചോദ്യങ്ങൾ ഇന്ന് ചർച്ചയാവുകയാണ്.
"നല്ല ഫെയർ ആയിട്ടുള്ള ഹോസ്റ്റി ഗേൾസിനെ തന്നെ വേണമത്രേ."
ഇന്നത്തെ കാലത്ത് സ്ത്രീകളുടെ കഴിവിനും വ്യക്തിത്വത്തിനും പ്രാധാന്യം നൽകുന്നതിന് പകരം, ശാരീരിക സൗന്ദര്യത്തിനും നിറത്തിനും രൂപത്തിനും പ്രാധാന്യം നൽകുന്ന ഒരു വിപണനസമീപനമാണ് ഈ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്.
ഇവിടെ മറ്റൊരു ചോദ്യം കൂടിയുണ്ട്.
സ്ത്രീകളെ പൊതുമണ്ഡലങ്ങളിലേക്ക് എത്തിക്കുന്നതിന്റെ പേരിൽ അവരെ വേദികളിലും പരിപാടികളിലും പരസ്യങ്ങളിലും പ്രദർശിപ്പിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം എന്താണ്?
അവളുടെ വിദ്യാഭ്യാസം, ബൗദ്ധിക വളർച്ച, സാമ്പത്തിക സ്വാതന്ത്ര്യം, സാമൂഹിക അവകാശങ്ങൾ, ഇതൊക്കെ നേടിക്കൊടുക്കലാണോ?
അതോ അവളുടെ ശരീരവും സൗന്ദര്യവും സാന്നിധ്യവും ഉപയോഗിച്ച് ഒരു വിപണനമൂല്യം സൃഷ്ടിക്കുകയാണോ?
ഇതേ പശ്ചാത്തലത്തിലാണ് അടുത്തിടെ കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന വീണ്ടും പ്രസക്തമാകുന്നത്. യുവതികളെ അന്യപുരുഷന്മാർക്കിടയിൽ വേദികളിലും പൊതുനിരത്തിലും "പ്രദർശിപ്പിക്കുന്നത്" വിശ്വാസികൾക്ക് യോജിച്ചതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
അന്ന് കേരള മുഖ്യമന്ത്രി മുതൽ നാലാംകിട രാഷ്ട്രീയക്കാർ വരെ, തീർത്തും ഒരു മതവിശ്വാസികൾക്ക് വേണ്ടിയുള്ള ഈ പ്രസ്താവനയെ ശക്തമായി വിമർശിച്ചു.
വാർത്താക്ഷാമം നേരിടുന്ന കേരളത്തിലെ ചാനലുകൾക്ക് രണ്ടാഴ്ചത്തേക്കുള്ള ഇന്ധനമായിരുന്നു ആ പ്രസ്താവന..
എന്നാൽ ഇന്ന്, ഒരു യുവതി തന്നെ ഒരു പരിപാടിയുടെ പിന്നാമ്പുറത്ത് സ്ത്രീകളെ തിരഞ്ഞെടുക്കുമ്പോൾ നിറവും രൂപവും മാനദണ്ഡമാക്കിയതിനെക്കുറിച്ച് തുറന്നു പറയുമ്പോൾ, ആ വിഷയത്തിൽ പൊതുപ്രവർത്തകരെന്ന് അവകാശപ്പെടുന്നവർ മുതൽ ഭരണാധികാരികൾ വരെ എത്രപേർ പ്രതികരിച്ചു..?
ഈ ഇരട്ട സമീപനം എന്തുകൊണ്ട്?
സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്ന സംഭവങ്ങളും അടുത്തിടെ മലപ്പുറം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീയുടെ ചിത്രം ദുരുപയോഗം ചെയ്യപ്പെടുമ്പോൾ, *അതിന്റെ സാമൂഹിക ഉത്തരവാദിത്വം ആരുടേതാണ്?
സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും എന്ന പേരിൽ കാഴ്ചയ്ക്കും വിനോദത്തിനും വിപണനത്തിനും പോലും സ്ത്രീശരീരത്തെ ഉപയോഗിക്കുന്നതാണത്രേ പുരോഗമനം..!
ഒരു സ്ത്രീയുടെ ഫെയർ അവളെ ഹോസ്റ്റസായി തിരഞ്ഞെടുക്കുന്നതിനുള്ള നിബന്ധനയായി വയ്ക്കുമ്പോൾ, ആ അവസ്ഥയെ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തുറന്നു പറയുമ്പോൾ എവിടെ സ്ത്രീ ശാക്തീകരണത്തിന്റെ വക്താക്കൾ?
കാന്തപുരത്തെപ്പോലുള്ള ഇസ്ലാമിക പണ്ഡിതരുടെ നിലപാടുകളെ രാഷ്ട്രീയക്കാർ അടക്കം ചോദ്യം ചെയ്യുമ്പോൾ, സ്ത്രീസമൂഹത്തെ ശാക്തീകരിക്കണം എന്ന് വീമ്പിളക്കുമ്പോൾ, കേരള നിയമസഭയിലെ 140 അംഗങ്ങളിൽ 11 പേർ മാത്രമാണ് വനിതാ എം.എൽ.എമാർ. *മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭയിൽ വനിതാ മന്ത്രിമാർ രണ്ടുപേർ മാത്രമാണ്.
ഇതാണ് രാഷ്ട്രീയക്കാർ നേതൃത്വം കൊടുക്കുന്ന, വീരവാദം മുഴക്കുന്ന സ്ത്രീ ശാക്തീകരണം...!
അതേസമയം, സ്ത്രീകളെ ക്യാമറക്കണ്ണുകളുടെയും കാമക്കണ്ണുകളുടെയും ഇരയാക്കാതെ സംരക്ഷിക്കണമെന്ന ഇസ്ലാമിക നിലപാടുകളെ "സ്ത്രീ വിരുദ്ധം" എന്ന് വിശേഷിപ്പിക്കുന്നവർ, സ്ത്രീയെ നിറത്തിന്റെയും ശരീരത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന വിപണനരീതികൾക്കെതിരെ അതേ ശക്തിയിൽ സംസാരിക്കുന്നുണ്ടോ..?
"ഇസ്ലാം ഒരു സ്ത്രീയെ അദൃശ്യമാക്കുകയല്ല; അവളെ വസ്തുവാക്കാതിരിക്കുകയാണ്."
ഈ വ്യത്യാസം മനസ്സിലാക്കാതെ ഇസ്ലാമിന്റെ സ്ത്രീസംബന്ധമായ നിലപാടുകളെ കേവലം 'സ്ത്രീയെ പിന്നോട്ടടിക്കുന്ന ആശയം' എന്ന നിലയിൽ അവതരിപ്പിച്ച് നേട്ടം കൊയ്യുന്ന, 'പുരോഗമനവാദികളെന്ന്' അവകാശപ്പെടുന്ന ഒരുപാട് 'പരസ്ത്രീലോലുപരുണ്ട്' ഇവിടെ.
അതുകൊണ്ട്, സ്ത്രീയുടെ ഉന്നമനം എന്ന പേരിൽ വേദികളിൽ അവളുടെ വെളുപ്പും ശരീരവും നിബന്ധനയാകുമ്പോൾ യഥാർത്ഥത്തിൽ ആരാണ് ഉയരുന്നത്?
സ്ത്രീയോ?
അവളെ ഉപയോഗിക്കുന്ന വിപണിയോ?
അവളുടെ ശരീരസാന്നിധ്യം ആകർഷണമാക്കി കൊണ്ട് നേട്ടം ഉണ്ടാക്കുന്ന സംവിധാനങ്ങളോ?
ഒരു പുതിയ ഉൽപ്പന്നത്തിന്റെ ലോഞ്ചിനായി ഫെയർ ആയ പെൺകുട്ടിയെ തന്നെ വേണമെന്ന നിബന്ധന എന്തിന്റെ ഉദാഹരണമാണ്?
സ്ത്രീ ശാക്തീകരണത്തിന്റെയോ?
അതോ അവളുടെ ശാരീരിക സൗന്ദര്യത്തിന്റെ സാന്നിധ്യം കൊണ്ട് മറ്റാരുടെ ലക്ഷ്യത്തെ നിറവേറ്റുകയാണോ?
അതുകൊണ്ട് വിശ്വാസികളോടാണ്...
തന്റെ ഉമ്മയെ, ഭാര്യയെ, പെങ്ങളെ,മകളെ.
"പ്രദർശനവസ്തു" ആക്കരുത്.
അത് മാത്രമല്ല, അവളെ "വിപണനവസ്തു"പോലുമാക്കരുത്.
ലോകോത്തര കമ്പനികളുടെ പ്രോഡക്റ്റിന്റെ ലോഞ്ചിനായി തൊലി വെളുത്ത പെണ്ണുങ്ങളെ നിബന്ധനയാക്കുന്ന ഈ കാലത്ത്...
സ്ത്രീശരീരങ്ങളെ മോർഫ് ചെയ്ത് മനഃസുഖം കണ്ടെത്തുകയും, വിപണനവസ്തുവായി ഉപയോഗിക്കുന്നവർക്ക് മുമ്പിലാണെങ്കിലും.
പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന 'പരസ്ത്രീലോലുപരുടെ' മുന്നിലാണെങ്കിലും ശെരി.
സ്ത്രീ ശാക്തീകരണം എന്ന വാഗ്ദാനം നാലാംകിട രാഷ്ട്രീയക്കാരുടെ വെറും വീരവാദം മാത്രമാണ് എന്ന് ഓർമയുണ്ടാകണം.
അവളുടെ മാനവികതയെ വിപണിക്ക് വിട്ടുകൊടുക്കാതിരിക്കുക...!
സ്ത്രീ ശാക്തീകരണം അവളെ കാഴ്ചവസ്തുവാക്കുന്നതിലല്ല; ഇസ്ലാം പഠിപ്പിക്കുന്ന മാന്യത നൽകി, അവളുടെ വ്യക്തിത്വത്തിനും അറിവിനും കഴിവിനും അവകാശങ്ങൾക്കും അർഹമായ സ്ഥാനം നൽകുന്നതിലാണ്.