മനുഷ്യന്റെ അകാരണമായ ഭയങ്ങളെയും ആശങ്കകളെയും സൂചിപ്പിക്കാൻ മനഃശാസ്ത്രത്തിൽ 'ഫോബിയ' (Phobia) എന്ന പദം ഉപയോഗിക്കാറുണ്ട്. ഇരുട്ടിനോടും ഉയരത്തോടും ഒക്കെയുള്ള ഭയം പോലെ തന്നെ, സമകാലിക സമൂഹത്തിൽ, പ്രത്യേകിച്ച് പുതിയ തലമുറയിൽ, പടർന്നുപിടിക്കുന്ന ഒരു പുതിയ ഫോബിയയുണ്ട്. അതിനെ നമുക്ക് "അപരിഷ്കൃതത്വ ഭയം"എന്ന് വിളിക്കാം. തങ്ങൾ ജീവിക്കുന്ന സമൂഹം മുന്നോട്ടുവെക്കുന്ന പുതിയ ചിന്താഗതികളെയും ട്രെൻഡുകളെയും കണ്ണടച്ച് പിന്തുണച്ചില്ലെങ്കിൽ, തങ്ങൾ 'അപരിഷ്കൃതരോ' 'വിവരമില്ലാത്തവരോ' ആയി മുദ്രകുത്തപ്പെടുമോ എന്ന അകാരണമായ ഭയമാണിത്. ഈ ഭയത്തിന്റെ ആകെത്തുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ ലോകത്ത് നാം കാണുന്ന കപട പുരോഗമനവാദവും അതിനെ ചൊല്ലിയുള്ള തർക്കങ്ങളും.
അറിവില്ലായ്മയും പുരോഗമന ന്യായീകരണങ്ങളിലെ കാപട്യവും.
ഒരു കാലഘട്ടത്തിൽ പുരോഗമന ചിന്തകൾ എന്നത് കഠിനമായ വായനയിലൂടെയും ശാസ്ത്രീയമായ പഠനങ്ങളിലൂടെയും വ്യക്തികൾ രൂപപ്പെടുത്തിയെടുക്കുന്ന ബോധ്യങ്ങളായിരുന്നു. എന്നാൽ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ഇൻസ്റ്റാഗ്രാം റീലുകളിലെ മുപ്പത് സെക്കൻഡ് വീഡിയോകളിൽ നിന്നോ, എക്സിലെ ഏതാനും വരികളിൽ നിന്നോ ആണ് പുതിയ തലമുറ തങ്ങളുടെ 'നിലപാടുകൾ' നിർമ്മിച്ചെടുക്കുന്നത്. ജെൻഡർ പൊളിറ്റിക്സ്, ഓപ്പൺ സെക്സ്, വിവിധ മേഖലകളിലെ സ്ത്രീ കമ്പോള വൽക്കരണം തുടങ്ങിയ ഗൗരവമേറിയ സാമൂഹിക-മനഃശാസ്ത്ര വിഷയങ്ങളിൽ നിഷ്പക്ഷമായ ഒരു പഠനമോ ആഴത്തിലുള്ള ആലോചനയോ നടത്താൻ ഭൂരിഭാഗം പേരും തയ്യാറാകുന്നില്ല.
ഇവിടെ പ്രവർത്തിക്കുന്നത് ബോധ്യമല്ല, മറിച്ച് 'സോഷ്യൽ വാലിഡേഷൻ സിൻഡ്രം' (Social Validation syndrome) സമൂഹത്തിൽ താനും മോഡേൺ ആണ് എന്ന് വരുത്തിത്തീർക്കാനുള്ള അമിതാവേശമാണ്. "ഞാൻ ഇതിനെയെല്ലാം അനുകൂലിക്കുന്നു, അതിനാൽ ഞാൻ ഉയർന്ന ചിന്താഗതിയുള്ളവനാണ്" എന്നൊരു കപട പ്രതിച്ഛായ സൃഷ്ടിച്ചെടുക്കുകയാണ് ഇത്തരം അന്ധമായ നിലപാടുകളുടെ ലക്ഷ്യം.
മനുഷ്യൻ പണ്ടുമുതലേ ഒരു സംഘമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ജീവിയാണ്. പുതിയ തലമുറയിലെ ഈ കൂട്ടായ്മകൾ രൂപപ്പെടുന്നത് സോഷ്യൽ മീഡിയയിലെ 'ട്രെൻഡിങ്' ആശയങ്ങൾക്ക് ചുറ്റിലുമാണ്. തനിക്ക് ചുറ്റുമുള്ള ഈ പൊതുബോധത്തിന് വിരുദ്ധമായി ഒരു വിയോജിപ്പ് പ്രകടിപ്പിച്ചാൽ, ഉടനടി അവർ മാറ്റിനിർത്തപ്പെടുന്നു അല്ലെങ്കിൽ 'കാൻസൽ' (Cancel Culture) ചെയ്യപ്പെടുന്നു.
"നീ ഇപ്പോഴും ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?", "നീ തീരെ അപ്ഡേറ്റഡ് അല്ല" തുടങ്ങിയ പരിഹാസങ്ങൾ ഭയന്ന്, സ്വന്തമായി യുക്തിയുള്ളവർ പോലും തനിക്ക് ചുറ്റുമുള്ള ഒഴുക്കിനൊപ്പം നീങ്ങുന്നു. പഠിച്ച് ബോധ്യപ്പെട്ടിട്ടല്ല, മറിച്ച് അപരിഷ്കൃതനായി മാറിനിൽക്കേണ്ടി വരുന്നത് ഒരു അഭിമാനക്ഷതമായി കാണുന്നത് കൊണ്ടാണ് ഈ മൗനമായ അനുസരണം.
ട്രെൻഡായി മാറുന്ന നിലപാടുകൾ.
പുരോഗമനമെന്ന് കരുതുന്ന പല ആശയങ്ങളും ഇന്ന് കേവലം ചിന്തകളല്ല, മറിച്ച് ഒരു 'ട്രെൻഡ്' കൂടെയാണ്. വേഷവിധാനങ്ങളിലും ലൈഫ്സ്റ്റൈലിലും ട്രെൻഡുകളെ ഫോളോ ചെയ്യുന്നതു പോലെ, തനിക്ക് ചുറ്റുമുള്ള പുതിയ ആശയങ്ങളെ പിന്തുണയ്ക്കുന്നത് തങ്ങളുടെ സാമൂഹിക പദവി ഉയർത്തുമെന്ന് യുവാക്കൾ ചിന്തിക്കുന്നു. ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചോ, ഇത് സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചോ ഉള്ള ചിന്തകൾ ബോധപൂർവ്വം ഒഴിവാക്കപ്പെടുന്നു.
ഒരു വിഷയത്തിൻ്റെ ഗുണദോഷങ്ങൾ ഇരുവശത്തുനിന്നും ചിന്തിക്കാനുള്ള ബൗദ്ധിക സ്വാതന്ത്ര്യം ഈ 'അപരിഷ്കൃതത്വ ഭയം' മൂലം പുതിയ തലമുറയ്ക്ക് നഷ്ടപ്പെടുകയാണ്.
എല്ലാ പുതിയതും പുരോഗമനമല്ല, എല്ലാ പഴമകളും അപരിഷ്കൃതവുമല്ല. ഒരു ആശയത്തെ പിന്തുണയ്ക്കുന്നതും എതിർക്കുന്നതും അന്ധമായ ഭയത്തിന്റെയോ ട്രെൻഡിന്റെയോ അടിസ്ഥാനത്തിലാകരുത്, മറിച്ച് കൃത്യമായ അറിവിന്റെയും യുക്തിയുടെയും വെളിച്ചത്തിലായിരിക്കണം.ബൗദ്ധികമായ അടിമത്തത്തിൽ നിന്നും 'അപരിഷ്കൃതത്വ ഭയത്തിൽ' നിന്നും മോചിതരാവാൻ പുതിയ കാര്യങ്ങളെ തുറന്ന മനസ്സോടെ സമീപിക്കുമ്പോൾ തന്നെ, അവയെ വിമർശനാത്മകമായി വിലയിരുത്താനുള്ള ആർജ്ജവം കൂടി കാണിക്കണം.